നിക്ഷേപകർക്ക് സന്തോഷ വാർത്ത. ദുബായ് ആസ്ഥാനമായുള്ള പാർക്കിങ് സ്പേസ് ഓപ്പറേറ്റർ കമ്പനിയായ പാർക്കിൻ ഓഹരി വിപണിയിലേയ്ക്ക് ചുവടുവയ്ക്കുന്നു. മാർച്ച് 5 മുതൽ 12 വരെയാണ് ഇതുമായി ബന്ധപ്പെട്ട സബ്‌സ്‌ക്രിപ്‌ഷനുകൾ നല്കുന്നത്. 2024-ൽ ദുബായിൽ ഐപിഒ ആരംഭിക്കുന്ന ആദ്യ കമ്പനിയായി ഇതോടെ പാർക്കിൻ മാറി. ഇതോടെ റീട്ടെയിൽ നിക്ഷേപകർ വലിയ പ്രതീക്ഷയിലാണ്.
സാലിക്കിനും ദുബായ് ടാക്‌സി കമ്പനിക്കും ശേഷം ആർടിഎയിൽ നിന്നും ലിസ്റ്റിങ് നടത്തുന്ന സ്ഥാപനമാണ് പാർക്കിൻ. റീട്ടെയിൽ നിക്ഷേപകർക്കായി 10 ശതമാനം ഓഹരിയാണ് വിൽക്കുക. ഓഫർ വില സംബന്ധിച്ച വിവരങ്ങൾ മാർച്ച് 5-ന് പരസ്യപ്പെടുത്തും. എമിറേറ്റ്‌സ് എൻബിഡി ബാങ്കാണ് ഐപിഒയുടെ ലീഡ് സ്വീകരിക്കുന്നതെന്നാണ് റിപ്പോർട്ട്.
ദുബായിലെ ഓൺ-സ്ട്രീറ്റ് പെയ്‌ഡ് പാർക്കിങ് സ്ഥലങ്ങളിൽ 90 ശതമാനത്തിലധികവും നിലവിൽ പാർക്കിന് കീഴിലാണ്. കൂടാതെ എല്ലാ പൊതു ഓൺ-സ്ട്രീറ്റ് പാർക്കിങ്ങും ഓഫ്-സ്ട്രീറ്റ് പാർക്കിങ്ങും പ്രവർത്തിപ്പിക്കാനുള്ള പ്രത്യേക അവകാശവും കമ്പനിക്കുണ്ട്. കഴിഞ്ഞ വർഷം 779.4 ദശലക്ഷം ദിർഹമായിരുന്നു പാർക്കിന്റെ വരുമാനം.