മലീഹയിൽ ഇനി വിളവെടുപ്പിന്റെ കാലമാണ്. പാകമായ ഗോതമ്പ് കതിരുകൾ അത്യാധുനിക യാന്ത്രങ്ങളുടെ സഹായത്തോടെയാണ് ശേഖരിക്കുന്നത്. ഷാർജ ഭരണാധികാരിയും സുപ്രീം കൗൺസിൽ അംഗവുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി വിളവെടുപ്പിൽ പങ്കെടുക്കുകയും ഫാമിൻ്റെ അഡ്‌മിനിസ്ട്രേറ്റീവ് കെട്ടിടം ഉദ്ഘാടനം ചെയ്യുകയും ചെയ്തു.
1,670 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള അഡ്‌മിനിസ്ട്രേറ്റീവ് കെട്ടിടത്തിൽ ബയോടെക്നോളജി ലബോറട്ടറി ഉൾപ്പടെയുള്ള വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഗോതമ്പിന്റെ ജനിതക വിശകലനത്തിന് ഉപകാരപ്രദമായ ലാബിന്റെ പ്രവർത്തനങ്ങളെക്കുറിച്ചും ഷാർജയിലെ പരിസ്ഥിതിക്ക് അനുയോജ്യമായ ഗോതമ്പ് ഇനങ്ങളെക്കുറിച്ചും ഗവേഷകരിൽ നിന്നും മനസിലാക്കിയ സുൽത്താൻ ഗവേഷണങ്ങൾക്കായുള്ള പരീക്ഷണ ഫാമും സന്ദർശിച്ചു.
കൃഷിയിടത്തിൽ ജലസേചനം കാര്യക്ഷമമാക്കുന്നതിനായി അത്യാധുനിക ഉപകരണങ്ങളും നിർമിത ബുദ്ധി സാങ്കേതികവിദ്യകളുമാണ് ഉപയോഗിച്ചുവരുന്നത്. ഇതുവഴി തൊഴിലാളികളുടെ സമയവും അധ്വാനവും ലാഭിക്കുന്നതോടൊപ്പം ജലസേചന ഉപകരണങ്ങളുടെ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നിരീക്ഷിക്കാനും തകരാറുകൾ അതിവേഗം കണ്ടെത്തുകയും സാധിക്കുന്നുണ്ട്. മലീഹയിൽ രണ്ടാംഘട്ട വിളവെടുപ്പിന് നിർണായക സംഭാവനകൾ നൽകിയ സർക്കാർ സ്ഥാപനങ്ങൾ, സ്പോൺസർമാർ എന്നിവരെ സുൽത്താൻ ആദരിച്ചു. കൂടാതെ വിവിധ ഘട്ടങ്ങളിലായുള്ള ഫാമിൻ്റെ വികസനം വിവരിക്കുന്ന ഡോക്യുമെന്ററിയും ചടങ്ങിൽ വെച്ച് പ്രദർശിപ്പിച്ചു.