സഹജീവികളോട് കരുണ കാണിക്കാൻ മനസുള്ളവനാണ് ലോകത്തിലെ ഏറ്റവും വലിയവൻ. അത് തെളിയിക്കുന്നതായിരുന്നു അറബ് ലോകത്തെ മനുഷ്യ സ്നേഹികളെ ആദരിക്കുന്ന ഹോപ്പ് മേക്കേഴ്സ് പുരസ്കാര ചടങ്ങ്. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി സ്വന്തം ജീവിതം തന്നെ മാറ്റിവെച്ച് മറ്റുള്ളവർക്ക് ആശ്വാസമായി മാറിയ രണ്ട് യുവാക്കളെയാണ് നാം ഇന്ന് പരിചയപ്പെടാൻ പോകുന്നത്. 37-കാരനായ ഡോ. മുഹമ്മദ് അൽ നജ്ജാറും യുട്യൂബർ അമിൻ ഇമ്‌നീറിയും.
ഇറാഖിൽ നിന്നുള്ള ഡോ. മുഹമ്മദ് അൽ നജ്ജാർ വൈകല്യങ്ങളെ മറികടക്കാൻ ആഗ്രഹിക്കുന്നവർക്ക് വലിയൊരു മാതൃക തന്നെയാണ്. കാരണം കുട്ടിക്കാലം മുതൽ ഫുട്ബോൾ ആരാധകനായ അദ്ദേഹത്തിന് 2014-ൽ തന്റെ ഒരു കാൽ നഷ്ടപ്പെട്ടു. എന്നാൽ തന്റെ ജീവിതത്തിൽ നടന്ന ദുരന്തത്തിന് മുന്നിൽ തളരാതെ പ്രതീക്ഷയോടെ മുന്നേറിയ മുഹമ്മദ് ഇംഗ്ലണ്ടിൽ പിഎച്ച്‌ഡിക്ക് പഠിക്കുമ്പോൾ അംഗവൈകല്യമുള്ളവർക്കായി നടത്തപ്പെടുന്ന പോർട്ട്‌സ്‌മൗത്ത് ഫുട്‌ബോൾ ടീമിൽ ചേർന്നു. തന്റെ വൈകല്യങ്ങളെ മറന്ന് മികച്ച പ്രകടനം കാഴ്ചവെച്ച അദ്ദേഹം 2019-ൽ ക്ലബ്ബിൻ്റെ മികച്ച കളിക്കാരനെന്ന പദവിയും സ്വന്തമാക്കി.
പിന്നീട് രാജ്യാന്തര സൗഹൃദ മത്സരങ്ങളിൽ പങ്കെടുത്ത മുഹമ്മദ് അംഗവൈകല്യമുള്ളവർക്കായി ഒരു ഫുട്ബോൾ ടീം തന്നെ രൂപീകരിച്ചു. വെറും ഒരു വർഷത്തിന് ശേഷം 2022-ൽ തുർക്കിയിൽ നടക്കുന്ന അമ്പ്യൂട്ടീ ഫുട്ബോൾ ലോകകപ്പിന് ആ ടീം യോഗ്യതയും നേടി. തന്റെ ടീം അംഗങ്ങൾക്ക് കരുത്തും ആവേശവും മനശക്തിയും പകർന്ന മുഹമ്മദിന്റെ അശ്രാന്ത പരിശ്രമത്തിനൊടുവിൽ ഇറാഖി ടീം ആഗോളതലത്തിൽ 19-ാം സ്ഥാനത്താണ് നിലകൊള്ളുന്നത് എന്നത് എടുത്തുപറയേണ്ട കാര്യമാണ്. തന്റെ ജീവിതത്തിലുണ്ടായ ദുരന്തത്തെ മറികടന്നതിനോടൊപ്പം മറ്റുള്ളവരുടെ ഇരുളടഞ്ഞ ജീവിതത്തിന് വെളിച്ചം പകരുകയും ചെയ്യുന്നതായിരുന്നു ഡോ. മുഹമ്മദ് അൽ നജ്ജാറിന്റെ പ്രവർത്തനങ്ങൾ.
മുഹമ്മദ് തന്നേപ്പോലെ ദു:ഖമനുഭവിക്കുന്നവരെ കൈപിടിച്ചുയർത്തിയപ്പോൾ അമിൻ ഇമ്‌നീർ ദരിദ്രരുടെയും സാധാരണക്കാരുടെയും ജീവിതത്തിൽ വെളിച്ചം വീശാനാണ് ശ്രമിച്ചത്. മൊറോക്കോയിലെ ഒരു പ്രശസ്തനായ യുട്യൂബറായ അമിൻ തന്റെ ‘ഫെയ്‌സ്‌ബോക്കി’ എന്ന സോഷ്യൽ മീഡിയ അക്കൗണ്ട് ഉപയോഗിച്ചാണ് സാധാരണക്കാരെ സഹായിക്കാൻ ഇറങ്ങിത്തിരിച്ചത്. AFTAS സൊസൈറ്റി ഫോർ ഡെവലപ്‌മെൻ്റ് ആന്റ് സോളിഡാരിറ്റിയുടെ തലവനായ അമിൻ തൻ്റെ രാജ്യത്തെ ദരിദ്രരുടെ വിശപ്പടക്കുന്നതിനും ചികിത്സയ്ക്കുമൊക്കെയായി പലവിധത്തിലുള്ള മാനുഷിക സംരംഭങ്ങളും കാമ്പെയ്‌നുകളും നടത്തുന്നതിൽ സദാ വ്യാപൃതനായിരുന്നു.
ഇതിനോടകം അമിൻ ചെയ്ത സേവനങ്ങൾ എണ്ണിയാലൊടുങ്ങാത്തവയാണ്. വിവിധ രോഗങ്ങളാൽ ദുരിതമനുഭവിക്കുന്ന 217 നിർധനരുടെ ശസ്ത്രക്രിയകൾക്ക് ആവശ്യമായ ധനസഹായം നൽകുകയും വിധവകളും അനാഥരും ഉൾപ്പെടെയുള്ള പാവപ്പെട്ട കുടുംബങ്ങൾക്ക് 4,500-ലധികം ഭക്ഷണപ്പൊതികൾ വിതരണം ചെയ്യുകയും ചെയ്തു. കൂടാതെ വൈദ്യുതി ലഭ്യമാകാത്ത 1,000-ലധികം വീടുകളിൽ സോളാർ പാനലുകൾ ഘടിപ്പിച്ച് നൽകിയ അദ്ദേഹം റോഡരികുകളിൽ 2,800 ഫലവൃക്ഷങ്ങൾ നട്ടുപിടിപ്പിക്കുന്നതിലും മുൻപന്തിയിൽ നിന്നും. തന്റെ നേതൃത്വത്തിലുള്ള സംഘടന വഴിയാണ് അമിൻ ജനങ്ങൾക്ക് ഈ സേവനങ്ങൾ നൽകിയത്.
ഇരുവരുടെയും പ്രവർത്തന മേഖല വ്യത്യസ്തമാണെങ്കിലും സമൂഹത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങാകുകയാണ് മുഹമ്മദും അമിനും. തുടർന്നും തങ്ങളുടെ സേവന പ്രവർത്തനങ്ങൾ കൂടുതൽ മേഖലകളിലേയ്ക്ക് വ്യാപിപ്പിക്കാൻ തന്നെയാണ് ഇരുവരുടെയും ശ്രമം. അതിന് ജനങ്ങളുടെ പിന്തുണ കൂടെയുണ്ടെന്ന വിശ്വാസത്തിലാണ് ഈ യുവാക്കൾ.