സഞ്ചാരികളുടെയും നിക്ഷേപകരുടെയും ഇഷ്ടനഗരമായി മാറുകയാണ് ദുബായ്. കഴിഞ്ഞവർഷം ദുബായ് ചേംബർ ഓഫ് കൊമേഴ്സിൽ രജിസ്റ്റർചെയ്ത കമ്പനികളുടെ എണ്ണത്തിൽ വർധനയാണ് ഇപ്പോൾ രേഖപ്പെടുത്തിയിരിക്കുന്നത്. 2023- ൽ മാത്രം 67,222 പുതിയ കമ്പനികളാണ് അംഗങ്ങളായത്. ചേംബറിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയേറെഅംഗങ്ങൾ രജിസ്റ്റർചെയ്യുന്നത്.
ദുബായ് ചേംബേഴ്സ് ആസ്ഥാനത്ത് വ്യാഴാഴ്ചസംഘടിപ്പിച്ച വാർഷിക മാധ്യമസമ്മേളനത്തിലാണ് ഇക്കാര്യംവെളിപ്പെടുത്തിയത്. ദുബായ് ഇന്റർനാഷണൽ ചേംബർ 2023- ൽ 138 വിദേശ സംരംഭങ്ങളെയാണ് ദുബായിലേക്കെത്തിച്ചത്. ഇതിൽ 34 ബഹുരാഷ്ട്ര കമ്പനികളും 104 ചെറുകിട, ഇടത്തരം സംരംഭങ്ങളുമുണ്ട്. ലോകത്തിന്റെ വിവിധഭാഗങ്ങളിലായി കഴിഞ്ഞവർഷം 16 പുതിയ അന്താരാഷ്ട്ര പ്രതിനിധിഓഫീസുകളും ദുബായ് ഇന്റർനാഷണൽ ചേംബർ തുറന്നു.
ദുബായ് ചേംബർ ഓഫ് കൊമേഴ്സിൽ രജിസ്റ്റർചെയ്യുന്ന കമ്പനികളുടെ എണ്ണത്തിൽ ഇന്ത്യയാണ് മുന്നിൽ. ഇന്ത്യ-യു.എ.ഇ.സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറും ഇന്ത്യൻ വ്യവസായികളെ ആകർഷിച്ചിട്ടുണ്ട്. പുതിയ കമ്പനികളുടെ എണ്ണത്തിൽ യു.എ.ഇ.യാണ് രണ്ടാമത്. മൂന്നാം സ്ഥാനത്ത് പാകിസ്താനാണ്.