വികാരനിർഭരമായ മുഹൂർത്തങ്ങൾക്കായിരുന്നു കഴിഞ്ഞ ദിവസം ഹൈദരാബാദ് വിമാനത്താവളം സാക്ഷ്യം വഹിച്ചത്. നീണ്ട 18 വർഷം ദുബായിലെ ജയിലഴിക്കുള്ളിൽ പുറം ലോകവുമായി ബന്ധമില്ലാതെ കഴിഞ്ഞ അഞ്ച് ഇന്ത്യക്കാരാണ് ജീവിതത്തിലേയ്ക്ക് തിരിച്ചുവന്നിരിക്കുന്നത്. ഹൈദരാബാദ് വിമാനത്താവളത്തിലെത്തിയ ഇവരെ ബന്ധുക്കൾ കണ്ണീരോടെയാണ് വരവേറ്റത്.
25 വർഷത്തെ ശിക്ഷാകാലാവധി 18 വർഷമായി ഇളവ് ചെയ്തതോടെയാണ് തെലങ്കാന സ്വദേശികളായ അഞ്ച് പേരും മോചിതരായത്. ശിവരാത്രി മല്ലേഷ്, ശിവരാത്രി രവി, ഗൊല്ലെം നമ്പള്ളി, ദുണ്ടുഗുല ലക്ഷ്മൺ, ശിവരാത്രി ഹൻമന്തു എന്നിവരാണ് ജീവിതത്തിലേയ്ക്ക് തിരികെയെത്തിയത്. സിർസില്ല ജില്ലക്കാരായ ഇവർ കൊലപാതകക്കേസിൽ അകപ്പെട്ടാണ് ദുബായിൽ ശിക്ഷിക്കപ്പെട്ടത്.
2005ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. നിർമ്മാണത്തൊഴിലാളികളായ ഇവരും നേപ്പാൾ സ്വദേശിയും തമ്മിൽ സോനാപൂരിലെ ലേബർ ക്യാമ്പിലുണ്ടായ വാക്ക് തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ദുബായ് കോടതി ആദ്യം പ്രതികൾക്ക് പത്ത് വർഷം ശിക്ഷ വിധിച്ചെങ്കിലും പിന്നീട് അപ്പീൽ കോടതി ശിക്ഷ 25 വർഷമായി വർധിപ്പിക്കുകയായിരുന്നു. തുടർന്ന് വർഷങ്ങളായി നടത്തിയ പ്രവർത്തനങ്ങളുടെ ഫലമായാണ് അഞ്ച് പേരുടെയും ശിക്ഷാ കാലാവധി കുറച്ചത്. ഇപ്പോൾ വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം തങ്ങളുടെ പ്രിയപ്പെട്ടവരെ കണ്ടതിന്റെ സന്തോഷത്തിലാണ് അഞ്ച് പേരും.