ദുബായിൽ ഈദ്-അൽ-ഫിത്ർ പ്രമാണിച്ച് ഏഴുദിവസം പാർക്കിംഗ് സൗജന്യമായിരിക്കുമെന്ന് റോഡ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു. ബഹുനില പാർക്കിംഗ് സംവിധാനങ്ങൾ ഒഴികെ മറ്റെല്ലാ പാർക്കിംഗ് സ്ഥലങ്ങളിലും ഏപ്രിൽ 30 മുതൽ മേയ് 6 വരെയാണ് സൗജന്യമായി പാർക്ക് ചെയ്യാൻ കഴിയുകയെന്ന് റോഡ് ട്രാൻസ്പോർട്ട് അതോറിറ്റി. ഏപ്രിൽ 30 മുതൽ മെയ് 6 വരെ പാർക്കിംഗ് ഫീ ഈടാക്കില്ലെന്ന് അധികൃതർ അറിയിച്ചു. മേയ് 7 മുതൽ വീണ്ടും പാർക്കിംഗ് ഫീസ് ഈടാക്കും.
ആർടിഎയ്ക്ക് കീഴിൽ പ്രവർത്തിക്കുന്ന കസ്റ്റമർ ഹാപ്പിനെസ് സെന്ററുകൾ, പണമടച്ചുള്ള പാർക്കിംഗ് സൗകര്യങ്ങൾ, പൊതുഗതാഗതത്തിനായുള്ള ബസുകൾ, ദുബായ് മെട്രോ, ട്രാം, മറൈൻ ട്രാൻസിറ്റ് മാർഗങ്ങൾ, സേവന കേന്ദ്രങ്ങൾ എന്നിടങ്ങളുടെ പുതുക്കിയ പ്രവൃത്തന സമയവും അറിയിച്ചിട്ടുണ്ട്. കസ്റ്റമർ ഹാപ്പിനസ് സെന്ററുകൾക്ക് ഏപ്രിൽ 30 മുതൽ മേയ് 8 വരെയാണ് അവധി. മേയ് 9ന് വീണ്ടും പ്രവർത്തനം ആരംഭിക്കും. സേവന കേന്ദ്രങ്ങൾക്ക് മേയ് 7 വരെയാണ് അവധി. യുഎഇ സർക്കാർ മേഖലയിൽ ഒമ്പത് ദിവസവും സ്വകാര്യ മേഖലയിൽ അഞ്ചുദിവസവുമാണ് ഈദ് അവധി.
യുഎഇയിലെ വിവിധ എമിറേറ്റുകളിൽ പൊതുമേഖല ജീവനക്കാർക്ക് 9 ദിവസമാണ് പെരുന്നാൾ അവധി പ്രഖ്യാപിച്ചത്. ഈ മാസം 30 മുതൽ മേയ് 8 വരെയാണ് അവധി. വെള്ളി, ശനി, ഞായർ വാരാന്ത്യ ഒഴിവിനൊപ്പമാണ് 9 ദിവസം അവധി.