വിനോദ സഞ്ചാരികൾക്ക് ഏറെ ഇഷ്ടമുള്ള ഇടമാണ് ദുബായ്. അന്താരാഷ്ട്ര തലത്തിൽ ദുബായ് ടൂറിസം ശ്രദ്ധനേടിക്കഴിഞ്ഞു. ടൂറിസ്റ്റുകളുടെയും ജോലി തേടിവരുന്നവരുടെയും എണ്ണം സൂചിപ്പിക്കുന്ന കണക്കുകൾ വീണ്ടും എത്തുകയാണ്. ദുബായ് അന്താരാഷ്ട്ര വിമാനത്താവളം വഴി 2023-ൽ ആകെ യാത്ര ചെയ്ത യാത്രക്കാരുടെ എണ്ണം 8.69 കോടിയാണ്. ഏതാണ്ട് ഒൻപത് കോടിയോട് അടുപ്പിച്ചാണ് കഴിഞ്ഞ വർഷം മാത്രം ദുബായ് വിമാനത്താവളം വഴി യാത്ര ചെയ്തത്.
വിമാനത്താവളത്തിൻ്റെ 2019-ലെ വാർഷിക ട്രാഫിക് 8.63 കോടി യാത്രക്കാരാണ്. 2018-ൽ വിമാനത്താവളത്തിന് 8.91കോടി യാത്രക്കാർ ഉണ്ടായിരുന്നു. 2022 ൽ 6.6 കോടി യാത്രക്കാർ കടന്നുപോയി. ദുബൈ വിമാനത്താവളത്തിന്റെ എക്കാലത്തെയും മികച്ച വളർച്ചയാണ് രേഖപ്പെടുത്തിയത്. യാത്രക്കാരുടെ എണ്ണത്തിൽ 32 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്.
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയും കപ്പലിൻ്റെ ആകൃതിയിലുള്ള ബുർജ് അൽ അറബ് ആഡംബര ഹോട്ടലും പോലെയുള്ള ആകർഷണങ്ങൾ ദുബായിലെ ടൂറിസം രംഗത്തെ കുതിച്ചു ചാട്ടത്തിനുള്ള പ്രധാന ഘടകങ്ങളാണ്.