യുഎഇയിൽ കഴിഞ്ഞ ദിവസങ്ങളിൽ പെയ്തിറങ്ങിയ കനത്ത മഴയിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയിരുന്നു, യുഎഇയുടെ കിഴക്കൻ തീരത്തുള്ള വടക്കൻ പട്ടണമായ കൽബയിലെ (ഷാർജ മുനിസിപ്പാലിറ്റിയുടെ കീഴിലാണ് വരുന്നത്) നിവാസികൾ മഴ മൂലമുണ്ടായ വെള്ളപ്പൊക്കത്തിൽ പെട്ടുപോയി.
വെള്ളപ്പൊക്ക ബാധിത മേഖലകളിലെ ജനങ്ങളെ ഹോട്ടലുകളിലേക്കും സ്കൂളുകളിലേക്കും മാറ്റിപ്പാർപ്പിച്ചു. ജനങ്ങളെ സുരക്ഷിതമായി മാറ്റിപ്പാർപ്പിക്കാൻ അധികൃതരും സാമൂഹിക ക്ഷേമ സംഘടനകളും ദ്രുതഗതിയിലുള്ള നടപടികളാണ് സ്വീകരിച്ചത്.
കൽബയിലെ പല പ്രദേശങ്ങളും, പ്രത്യേകിച്ച് വ്യാവസായിക മേഖലയിലും വെള്ളം കയറി. ജലനിരപ്പ് വർധിക്കാൻ തുടങ്ങിയപ്പോൾ ഞങ്ങൾ നടപടിയെടുത്തുവെന്നും ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാൻ സഹായിച്ചുവെന്നും, കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറ, കൽബ യൂണിറ്റ് പ്രസിഡൻ്റ് മുഹമ്മദ് നബീൽ പറഞ്ഞു.
വെള്ളപ്പൊക്ക ബാധിത പ്രദേശത്തെ പല വ്യാപാര സ്ഥാപനങ്ങളും താൽക്കാലികമായി അടച്ചു. “ക്യാമ്പുകളിലും റെസിഡൻഷ്യൽ യൂണിറ്റുകളിലും താമസിക്കുന്ന ആളുകൾക്ക് സന്നദ്ധ സംഘടനകൾ ഭക്ഷണം എത്തിച്ചു നൽകി. പല താമസക്കാരും ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് മാറാൻ താൽക്കാലിക ചങ്ങാടങ്ങൾ നിർമ്മിച്ചു. ഏതാനും ദിവസത്തെ ബുദ്ധിമുട്ടൊഴിച്ചാൽ ഈ സ്ഥലങ്ങളെ സാധാരണ നിലയിലേക്ക് എത്തിച്ചേരും.