പരമ്പരാഗത ടാക്സി സംവിധാനങ്ങളെ പഴങ്കഥകളാക്കാനൊരുങ്ങി ദുബായ്. ഗതാഗതക്കുരുക്കിൽ അകപ്പെടുമെന്ന ആശങ്കയില്ലാതെ അതിവേഗം യാത്ര ചെയ്യാൻ സാധിക്കുന്ന പറക്കും ടാക്സികളാണ് എമിറേറ്റിൽ സർവ്വീസ് നടത്താനൊരുങ്ങുന്നത്. ഇതിന് മുന്നോടിയായി ഏരിയൽ ടാക്സി സേവനങ്ങൾ ആരംഭിക്കുന്നതിനുള്ള കരാറിൽ ദുബായ് റോഡ്സ് ആന്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി ഒപ്പുവെച്ചു.
2026-ഓടെയായിരിക്കും ദുബായിൽ പറക്കും ടാക്സികൾ വിലസാൻ തുടങ്ങുക. നാല് യാത്രികർക്കും ഒരു പൈലറ്റിനും സഞ്ചരിക്കാനാകുന്ന ഈ വാഹനം ആറ് പ്രൊപ്പല്ലറുകളോടെയും നാല് ബാറ്ററി പാക്കുകളോടെയുമാണ് പ്രവർത്തിക്കുക. പരമാവധി 161 കിലോമീറ്ററാണ് ഈ പറക്കും തളികയുടെ റേഞ്ച്. മണിക്കൂറിൽ 321 കിലോമീറ്റർ വരെ പരമാവധി വേഗം കൈവരിക്കാനാകുന്ന ഈ പരിസ്ഥിതി സൗഹൃദ വാഹനത്തിന് ഒരു ട്രിപ്പിന് 10 മിനിറ്റ് മാത്രമാണ് വേണ്ടിവരിക. നഗരത്തിലെ വിവിധ പ്രദേശങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന ഏരിയൽ ടാക്സി സേവനങ്ങൾ ആരംഭിക്കുന്ന ലോകത്തെ ആദ്യ നഗരം എന്ന നേട്ടവും ഇതോടെ ദുബായിക്ക് സ്വന്തമാകും.
ദുബായ് ആർടിഎ, യുഎഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി, ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി, വ്യോമയാന ടാക്സി സേവന സംവിധാനങ്ങളുടെ നിർമ്മാതാക്കളായ ജോബി ഏവിയേഷൻ, വെർട്ടിപോർട്ട് അടിസ്ഥാന സൗകര്യങ്ങളുടെ വികസനമേഖലയിൽ പ്രവർത്തിക്കുന്ന സ്കൈസ്പോർട്സ് ഇൻഫ്രാസ്ട്രക്ചർ എന്നിവർ ചേർന്നാണ് കരാറിൽ ഒപ്പുവെച്ചത്. യുഎഇ വൈസ് പ്രെസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ആർടിഎ ചെയർമാൻ മത്തർ അൽ തായർ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്.
ആദ്യ ഘട്ടത്തിൽ ദുബായ് ഇന്റർനാഷണൽ എയർപോർട്ട്, ഡൗൺടൗൺ മേഖല, ദുബായ് മറീന, പാം ജുമേയറാഹ് എന്നീ ഏരിയകളിലാണ് ഏരിയൽ ടാക്സി സർവ്വീസ് നടത്തുക. തുടർന്ന് 2026-ഓടെ വാണിജ്യാടിസ്ഥാനത്തിൽ ദുബായിൽ മുഴുവൻ പദ്ധതി വ്യാപിപ്പിക്കാനാണ് തീരുമാനം.