ചരിത്ര മേളയായ ദുബായ് വേൾഡ് എക്‌സ്‌പോ 2020 ലെ ആകര്‍ഷകമായ രണ്ട് പവലിയനുകൾ സെപ്റ്റംബർ 1 മുതൽ സന്ദർശകർക്ക് തുറന്നുകൊടുക്കും. അലിഫ് – ദി മൊബിലിറ്റി പവലിയൻ, ടെറ – ദ സസ്റ്റൈനബിലിറ്റി പവലിയൻ എന്നിവയാണ് വ്യാഴാഴ്ച മുതൽ സന്ദർശകര്‍ക്കായി തുറന്നുകൊടുക്കുക. ഒക്‌ടോബർ 1 ന് എക്സ്പോ സിറ്റി തുറക്കുന്നതിന്‍റെ മുന്നോടിയായാണ് നീക്കം.
ഒരു പവലിയനിൽ ഒരാൾക്ക് 50 ദിർഹം ആണ് ടിക്കറ്റ് നിരക്ക്. എക്സപോ സിറ്റിയുടെ വെബ്‌സൈറ്റിലും ദുബായ് എക്‌സ്‌പോ സിറ്റിയിലെ നാല് ബോക്‌സ് ഓഫീസുകളിലും ലഭ്യമാണ്. കാണികളെ 55 മീറ്റർ ഉയരത്തിൽ എത്തിച്ച 360 ഡിഗ്രി കാഴ്‌ചകൾ പ്രദാനം ചെയ്യുന്ന ഭ്രമണം ചെയ്യുന്ന നിരീക്ഷണ ഗോപുരമായ ഗാർഡൻ ഇൻ ദി സ്‌കൈ സെപ്‌റ്റംബർ 1 ന് തുറക്കുമെന്നും അധികൃതര്‍ അറിയിച്ചു. 30 ദിർഹമാണ് ടിക്കറ്റ് നിരക്ക്. അതേസമയം 12 വയസും അതിൽ താഴെയും പ്രായമുള്ള കുട്ടികൾക്കും നിശ്ചയദാർഢ്യമുള്ളവർക്കും പവലിയനുകളിലെ കാഴ്ചകൾ സൗജന്യമാണ്.
പവലിയനുകൾ ദിവസവും രാവിലെ 10 മുതൽ വൈകിട്ട് 6 വരെ തുറന്നിരിക്കും, ഗാർഡൻ ഇൻ ദി സ്കൈ ഉച്ചകഴിഞ്ഞ് 3 മുതൽ 6 വരെയാണ് പ്രവര്‍ത്തിക്കുക. സെപ്റ്റംബർ 16 മുതല്‍ ഗാർഡൻ ഇൻ ദി സ്കൈ രാവിലെ 10 മണി മുതൽ പ്രവര്‍ത്തിക്കുമെന്നും അറിയിപ്പുണ്ട്. എക്‌സ്‌പോ ബിൽറ്റ് ഇൻഫ്രാസ്ട്രക്ചറിന്റെ 80 ശതമാനവും നിലനിര്‍ത്തിയാണ് എക്‌സ്‌പോ സിറ്റി സന്ദര്‍ശകര്‍ക്കായി തുറക്കുന്നത്..