അബൂദാബി അന്താരാഷ്ട്ര വിമാനത്താവളത്തിന് ഇനി പുതിയ പേര്. ‘സായിദ് അന്താരാഷ്ട്ര വിമാനത്താവളം’ എന്നായിരിക്കും ഇനി അബുദാബി എയർപോർട്ട് അറിയപ്പെടുക. വെള്ളിയാഴ്ച മുതല്‍ പുതിയ പേര് പ്രാബല്യത്തിൽ വന്നു. ഷെയ്ഖ് സായിദിനോടുള്ള ബഹുമാനാർഥമാണ് യു.എ.ഇ. പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് ആല് നഹ്യാന്റെ നിർദേശപ്രകാരം എയർപോർട്ടിന്റെ പേര് മാറ്റിയത്.
ഈ ചരിത്രമുഹൂര്‍ത്തം ആഘോഷിക്കുന്നതിന്റെ ഭാഗമായി അബൂദാബിയില്‍ നിന്ന് പുറപ്പെടുന്ന യാത്രക്കാര്‍ക്കായി ചില ലക്ഷ്യസ്ഥാനങ്ങളിലേക്ക് ഇത്തിഹാദ് പ്രത്യേക ഇളവുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. ഈ മാസം 19നും ജൂണ്‍ 15നുമിടയില്‍ യാത്രചെയ്യുന്നവര്ക്കായിരിക്കും ഇളവുകള്‍ ലഭിക്കുക. ഇതിനായി ഫെബ്രുവരി ഒമ്പതിനും 14 നുമിടയില്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യേണ്ടതായി വരും.
അതേസമയം സായിദ് അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്യുന്നവർക്ക് വെള്ളിയാഴ്ച മുതല്‍ ഈ മാസം 11വരെ നിരവധി ആഘോഷങ്ങളും സംഘടിപ്പിക്കുന്നുണ്ട്. വിമാനത്താവളങ്ങളിലെ റസ്റ്റാറന്റുകള്‍, കഫേകള്‍, ഷോപ്പുകള്‍, ഡ്യൂട്ടി ഫ്രീ എന്നിവിടങ്ങളില്‍ കിഴിവുകളും പ്രത്യേക ഓഫറുകളും യാത്രക്കാരെ തേടിയെത്തും.
വിമാനത്താവളത്തിന്റെ പുതിയ ടെര്‍മിനല്‍ എ ഔദ്യോഗികമായി തുറക്കുന്നതിന്റെ ഭാഗമായാണ് പുതിയ പേരും പ്രാബല്യത്തിൽ വന്നത്. 742,000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമാണ് സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിനുള്ളത്. 4.5 കോടി യാത്രക്കാര്‍ക്കാണ് പ്രതിവര്‍ഷം സേവനം നല്‍കുന്നുണ്ട്. മാത്രമല്ല, ഇത്തിഹാദ് എയര്‍വേസിന്റെ ആസ്ഥാനം കൂടിയാണ് അബൂദാബി. 2023ല്‍ ലോകത്തിലെ ഏറ്റവും മികച്ച എയര്‍പോര്‍ട്ട് ഓപറേറ്ററായി അന്താരാഷ്ട്ര വിമാനത്താവളം ദി വേള്‍ഡ് ട്രാവല്‍ പുരസ്കാരം നേടിയിരുന്നു.