ആരോഗ്യമാണ് ഏറ്റവും വലിയ സമ്പത്ത്. ഇന്ന് ആരോഗ്യം നേടിയെടുക്കാനുള്ള പ്രധാനപ്പെട്ട ഉപാധികളിൽ ഒന്നാണ് ഓട്ടവും നടത്തവും സൈക്കിളിങ്ങുമെല്ലാം. സൈക്കിളിങ് ആരോഗ്യം നേടിയെടുക്കാനുള്ള ഒരു ഉപാധിയെന്നോണം തന്നെ അത് ഒരു വിനോദവും കൂടിയാണ്. വിവിധ രാജ്യങ്ങളിൽ സൈക്കിളിങ് ഒരു മത്സരയോട്ടമാണ്. ആവേശം പകരുന്ന സൈക്കിളോട്ടം.
ആവേശക്കാഴ്ചകൾ സമ്മാനിച്ചുകൊണ്ട് 13ാമത് ടൂർ ഓഫ് ഒമാൻ ദീർഘദൂര സൈക്കിളോട്ട മത്സരം ശനിയാഴ്ച ആരംഭിക്കുകയാണ്. ഒമാന്റെ ട്രാക്കിൽ ലോക പ്രശസ്ത സൈക്കിളോട്ട വിദഗ്ധർ അടങ്ങുന്ന 17 ടീമുകളാണ് ഈ വർഷം മത്സരിക്കാൻ എത്തുന്നത്. ശനിയാഴ്ച ആരംഭിക്കുന്ന ഈ മത്സരയോട്ടം ബുധനാഴ്ചയാണ് സമാപിക്കുക. അഞ്ച് ദിവസങ്ങളിലായി 867 കിലോമീറ്ററുകൾ സൈക്കിളോട്ടക്കാർ പിന്നിടും. ഒമാന്റെ ടീമും മത്സരത്തിൽ പങ്കെടുക്കുന്നുണ്ട്. വലീദ് അൽ സമ്മിയാണ് ഒമാൻ ടീമിനെ മുന്നിൽ നിന്ന് നയിക്കുക. അബ്ദുറഹ്മാൻ അൽ യാഖൂബി, അബ്ദുല്ല അൽ ഗൈലാനി, മാസിൻ അൽ റിയാമി, മുഹമ്മദ് അൽ വഹൈബി, മുന്ദർ അൽ ഹസനി, സൈദ് അൽ റബ്ഹി, സൈഫ് അൽ അംറി എന്നിവരാണ് ഒമാൻ ടീമിലുള്ളത്.
അതേസമയം ടൂർ ഓഫ് ഒമാന് മുന്നോടിയായി നടക്കുന്ന മസ്കറ്റ് ക്ലാസിക് റേസിന്റെ രണ്ടാം പതിപ്പ് വെള്ളിയാഴ്ച നടക്കും. ഇതിൽ 174.3 കിലോമീറ്റർ ദൂരം മത്സരാർഥികൾ സൈക്കിൾ ചവിട്ടി പിന്നീടേണ്ടി വരും. അൽ മൗജ് മസ്കറ്റിൽ നിന്ന് ആരംഭിക്കുന്ന മത്സരം വിവിധ വീഥികളിലൂടെ ഓടി കയറി അൽ ബുസ്താനിൽ ഓട്ടം അവസാനിപ്പിക്കും. ഒമാൻ സൈക്ലിങ് അസോസിയേഷന്റെയും നിരവധി സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളുടെയും ഏകോപനത്തോടെ സാംസ്കാരിക, കായിക, യുവജന മന്ത്രാലയമാണ് മസ്റ്റ് ക്ലാസിക് സംഘടിപ്പിക്കുന്നത്.
ശനിയാഴ്ച മനയിലെ ഒമാൻ എക്രോസ് ഏജസ് മ്യൂസിയത്തിൽ നിന്നാണ് ടൂർ ഓഫ് ഒമാൻ ഒന്നാം ഘട്ട മത്സരയോട്ടം ആരംഭിക്കുക. 181.5 കിലോമീറ്റർ പിന്നിട്ടതിന് ശേഷം ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ ഒന്നാം ദിവസത്തെ മത്സരം അവസാനിക്കും. രണ്ടാം ദിവസമായ ഞായറാഴ്ച മസ്കറ്റിലെ അല സിഫിൽനിന്നാണ് മത്സരം ആരംഭിക്കുന്നത്. 170 .5 കിലോ മീറ്റർ പിന്നിട്ട് മസ്കറ്റിലെ വിവിധ ഭാഗങ്ങളിലൂടെ ഖുറിയാത്തിൽ എത്തി സമാപിക്കും. കൂടാതെ തിങ്കളാഴ്ച ബിദ് ബിദിൽ നിന്നാരംഭിച്ച് 169.5 കിലോ മീറ്റർ പിന്നിട്ട് ഈസ്റ്റേൺ പർവത നിരകളിലെ അൽ ഹംറയിൽ സൈക്കിളോട്ടം അവസാനിക്കും. ചൊവ്വാഴ്ചയാണ് ഏറ്റവും ദൈർഘ്യമേറിയ സൈക്ലിങ് മത്സരം നടക്കുക.
റുസ്താഖിൽനിന്ന് ആരംഭിച്ച് 207.5 കിലോ മീറ്റർ പിന്നിട്ട് നഖൽ, ഫഞ്ച വഴി ഇത്തിയിലാണ് നാലാം ദിവസം മത്സരം സമാപിക്കുന്നത്. സമാപന ദിവസമായ ബുധനാഴ്ച ദാഖിലിയ ഗവർണറേറ്റിലെ ഇസ്കി വിലായത്തിലെ ഇംതിയിൽ നിന്ന് ആരംഭിക്കുകയും ജബൽ അഖ്ദറിൽ സമാപിക്കുകയും ചെയ്യും. സമാപന ദിനം 139 കിലോമീറ്ററാണ് മത്സരമുണ്ടാവുക. ചെങ്കുത്തായ പർവത നിരകളിലൂടെയുള്ള അവസാന ഘട്ട മത്സരം ഏറെ സാഹസികത നിറഞ്ഞതായിരിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
ലോക പ്രശസ്ത സൈക്കിളോട്ടക്കാരായ അലക്സാണ്ടർ ക്രിസ്റ്റോഫ്, കാലബ് ഇവാൻ ഫാബിയോ ജേക്ബ്സൻ, പോൾ മാക്നിയർ, ബ്രയാൻ കോൻക്വാഡ് തുടങ്ങിയ പ്രമുഖർ ഈ മത്സരയോട്ടത്തിൽ പങ്കെടുക്കുന്നുണ്ട്. 2010 ലാണ് ഒമാനിൽ ആദ്യമായി സൈക്കിളോട്ട മത്സരം സംഘടിപ്പിച്ചത്. ഇപ്പോൾ സൈക്കിളോട്ട മത്സരത്തിന് വൻ സ്വീകാര്യതയാണുള്ളത്. ഫൈനൽ മത്സരവും മറ്റു മത്സരവും കാണാൻ നിരവധി പേർ ഒമാനിൽ എത്താറുമുണ്ട്. ഇത്തവണയും ആവേശം പകരുന്ന സൈക്കിളോട്ടം കാണാൻ എത്തുന്നവരുടെ എണ്ണത്തിൽ യാതൊരു കുറവുമുണ്ടാവില്ലെന്നാണ് പ്രതീക്ഷ.