ഏറ്റവും കൂടുതൽ സഞ്ചാരികൾ എത്തുന്ന ദുബായിലെ പ്രധാന ആകർഷണമാണ് ദുബായ് ഫ്രെയിം. ഫ്രൈയിമിന് താഴെ നിന്നും മുകളിൽ നിന്നുമെല്ലാം മനോഹരമായ ചിത്രങ്ങൾ പകർത്താൻ സന്ദർശകരുടെ വലിയ തിരക്ക് എപ്പോഴുമുണ്ടാവും. ഇപ്പോഴിതാ പുതിയ വിഐപി ടിക്കറ്റ് പുറത്തിറക്കിയിരിക്കുകയാണ് ദുബായ് ഫ്രെയിം. സന്ദർശകർക്ക് ഗൈഡഡ് ടൂർ, റിസർവ്ഡ് പാർക്കിംഗ്, സ്വകാര്യ ഗേറ്റിലൂടെ വേഗത്തിലുള്ള പ്രവേശനം എന്നിവ അനുവദിക്കുന്നതാണ് പുതിയ വിഐപി ടിക്കറ്റ്.
ഒരു ടിക്കറ്റിന് 300 ദിർഹമാണ് നിരക്ക്. ആകർഷകമായ സൗകര്യങ്ങളും സേവനങ്ങളും വാഗ്ദാനം ചെയ്യുന്നതിനുള്ള ദുബായ് മുനിസിപ്പാലിറ്റിയുടെ ശ്രമങ്ങൾക്ക് അനുസൃതമായാണ് വിഐപി പാക്കേജ് അവതരിപ്പിച്ചിരിക്കുന്നതെന്ന് പബ്ലിക് പാർക്കുകളുടെയും വിനോദ സൗകര്യങ്ങളുടെയും വകുപ്പ് ഡയറക്ടർ അഹമ്മദ് അൽ സറൂനി പറഞ്ഞു.
2018 ജനുവരിയിലാണ് ദുബായ് ഫ്രെയിം തുറന്നത്. 5.5 ദശലക്ഷത്തിലധികം സന്ദർശകരെ ഇതിനോടകം ഈ അത്ഭുത സൃഷ്ടി ആകർഷിച്ചു കഴിഞ്ഞു. ദുബായുടെ ആദ്യകാല സ്ഥാപനം മുതൽ ഭാവി വികസനത്തിനായുള്ള അഭിലാഷ പദ്ധതികൾ വരെ ആഘോഷിക്കപ്പെടുന്ന സാംസ്കാരിക നാഴികക്കല്ല് എന്ന നിലയിലാണ് ദുബായ് ഫ്രെയിം സഅബീൽ പാർക്കിനുള്ളിൽ സ്ഥിതി ചെയ്യുന്നത്.
വാരാന്ത്യങ്ങളും പൊതു അവധി ദിനങ്ങളും ഉൾപ്പെടെ വർഷം മുഴുവനും ദുബായ് ഫ്രെയിം തുറന്നിരിക്കും. റമദാൻ, അവധി ദിവസങ്ങൾ, പൊതു അവധി ദിവസങ്ങൾ തുടങ്ങിയ ദിനങ്ങളിൽ സന്ദർശന സമയം വ്യത്യാസപ്പെടാം. രാവിലെ 9 മുതൽ രാത്രി 9 വരെയാണ് സന്ദർശകർക്കായ് ദുബായ് ഫ്രെയിം തുറക്കുക. മുതിർന്നവർക്ക് 50 ദിർഹവും 3 നും 12 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് 20 ദിർഹവുമാണ് ടിക്കറ്റ് നിരക്ക്. കൂടാതെ 3 വയസ്സിന് താഴെയുള്ള കുട്ടികൾക്കും ശാരീരിക വൈകല്യമുള്ള ആളുകൾക്കും ഒപ്പം രണ്ട് കൂട്ടുകാർക്കും പ്രവേശനം സൗജന്യമാണ്.