ഒമാനിൽ ഈ വർഷത്തെ ഹജ്ജ് കർമം നിർവഹിക്കുന്നതിനുള്ള സേവന ഫീസ് പ്രഖ്യാപിച്ചു. എൻഡോവ്മെൻറ്, മതകാര്യ മന്ത്രാലയമാണ് ഫീസ് പ്രഖ്യാപിച്ചത്. മദീനയിലേക്ക് വിമാനമാർഗ്ഗം 6,274.98 സൗദി റിയാലും ജിദ്ദയിലെ കിങ് അബ്ദുൽ അസീസ് വിമാനത്താവളത്തിലേക്ക് 6,078.33 സൗദി റിയാലുമാണ് ഫീസ് എന്ന് മന്ത്രാലയം ഓൺലൈനിൽ പുറത്തിറക്കിയ അറിയിപ്പിൽ അറിയിച്ചു.
അതേസമയം മദീനയിലേക്കോ മക്കയിലേക്കോ റോഡ് മാർഗ്ഗമുള്ള യാത്രയ്ക്ക് 4,613.23 സൗദി റിയാലുമാണ് ഫീസ്. മിനയിലെയും അറഫാത്തിലെയും ക്യാമ്പുകൾക്കുള്ള സേവന ഫീസ്, ടെൻറ്, ഉപകരണങ്ങൾ, ഗതാഗത ഫീസ്, ആരോഗ്യ ഇൻഷുറൻസ്, 15 ശതമാനം മൂല്യവർധിത നികുതി, ഒമാനികൾ അല്ലാത്തവർക്ക് വിസ ഫീസ് (300 സൗദി റിയാൽ), ഹജ്ജ് കാർഡ് പ്രിൻ്റ് ചെയ്യുന്നതിനുള്ള ചെലവ് ( 2.5 ഒമാൻ റിയാൽ), എന്നിവ ഉൾപ്പെടെയുള്ള ചെലവുകൾ ഇതിൽ അടങ്ങിയിട്ടുണ്ട്. അതേ സമയം ഈ വർഷത്തെ ഹജ്ജ്കർമം നിർവഹിക്കാൻ 34,126 അപേക്ഷകളാണ് ലഭിച്ചത്. ഹജ്ജ് രജിസ്ട്രേഷൻ നടപടികൾ നവംബർ അഞ്ചിനായിരുന്നു പൂർത്തിയായത്.