പ്രിയപ്പെട്ടവരുടെ പ്രാർത്ഥനകളും കാത്തിരിപ്പും വിഫലമാക്കി 34-ാം വയസിൽ ബോഡിബിൽഡർ വിടവാങ്ങി. പ്രശസ്ത ബ്രസീലിയൻ ബോഡിബിൽഡറും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ക്രിസ്ത്യൻ ആൻസ് ആണ് ശസ്ത്രക്രിയയ്ക്ക് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ മരണത്തിന് മുന്നിൽ കീഴടങ്ങിയത്.
വൃക്ക രോഗത്തെത്തുടർന്ന് ഒരു വർഷമായി ചികിത്സയിലായിരുന്ന ക്രിസ്ത്യൻ രോഗം മൂർച്ഛിച്ചതിനേത്തുടർന്ന് ആശുപത്രിയിൽ വെച്ചാണ് മരണപ്പെട്ടത്. ഒരു വൃക്കയോടെയാണ് ക്രിസ്ത്യൻ ജനിച്ചുവീണത്. വളരെ അപൂർവ്വമായി മാത്രമാണ് ഇത്തരത്തിൽ ഒരു വൃക്കയോടെ ജനനം നടക്കുക. അതുതന്നെയായിരുന്നു അദ്ദേഹത്തിന്റെ ജീവൻ അപഹരിക്കാൻ കാരണവും. പ്രത്യേകിച്ച് ആരോഗ്യപ്രശ്നങ്ങളൊന്നും ഇല്ലാതിരുന്ന ക്രിസ്ത്യൻ ബോഡി ബിൽഡിങ്ങിൽ അതീവ ശ്രദ്ധ പുലർത്തിവരികയായിരുന്നു. അങ്ങനെയിരിക്കെ 2022ലാണ് അദ്ദേഹത്തിന് വൃക്ക രോഗം സ്ഥിരീകരിച്ചത്.
പരിശോധനാ ഫലം ലഭിച്ച ക്രിസ്ത്യൻ തന്റെ രോഗവിവരം എല്ലാവരിൽ നിന്നും ആദ്യം മറച്ചുവെച്ചു. പിന്നീട് ഇതറിഞ്ഞ ബന്ധുക്കൾ അദ്ദേഹത്തെ തുടർ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ഡോക്ടറുടെ നിർദേശ പ്രകാരം വൃക്ക മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കാൻ തീരുമാനിക്കുകയുമായിരുന്നു. എന്നാൽ ശസ്ത്രക്രിയയ്ക്ക് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ക്രിസ്ത്യന്റെ ആരോഗ്യനില മോശമായതോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ബ്രസീലിലെ ഒരു ഫിറ്റ്നസ് സെന്ററിൽ പരിശീലകനായ ക്രിസ്ത്യൻ മോഡലിങ്ങിലും സജീവമായിരുന്നു.