വടക്കൻ കേരളത്തിൽ നിലനിന്നുവരുന്ന അനുഷ്ഠാന കലയാണ് തെയ്യം. ഭക്തിയുടെ ഭാവമായി വിവിധ തെയ്യക്കോലങ്ങളാണ് കെട്ടിയാടാറുള്ളത്. എന്നാൽ തെയ്യവുമായി ബന്ധപ്പെട്ട് കണ്ണൂരിൽ നടന്ന ഒരു സംഭവമാണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിലെ ചർച്ചാ വിഷയം. തെയ്യം കെട്ടിയ കോലധാരിയെ നാട്ടുകാർ ചേർന്ന് തല്ലിച്ചതക്കുകയായിരുന്നു.
തില്ലങ്കേരി പെരിങ്ങനത്ത് ഇന്നലെയായിരുന്നു സംഭവം. കൈതച്ചാമുണ്ഡി കോലം കെട്ടിയ ആളെയാണ് നാട്ടുകർ എടുത്ത് പെരുമാറിയത്. കൈതച്ചെടി വെട്ടി മടപ്പുരയിലേക്ക് തെയ്യം വരുന്ന ചടങ്ങായിരുന്നു നടന്നുകൊണ്ടിരുന്നത്. ഇതിനിടയിൽ ഉഗ്രരൂപത്തിൽ തെയ്യം ആളുകളെ പിന്തുടർന്ന് ഭയപ്പെടുത്തുന്നതാണ് ആചാരം. എന്നാൽ അത് കൈവിട്ടുപോയതോടെയാണ് തെയ്യത്തിന് മർദ്ദനമേൽക്കേണ്ടി വന്നത്.
തെയ്യത്തെ കണ്ട് പേടിച്ചോടിയ ഒരു കുട്ടിക്ക് വീണ് പരിക്കേറ്റു. ഇതോടെ പ്രകോപിതരായ നാട്ടുകാർ തെയ്യത്തിന് നേരെ തിരിയുകയായിരുന്നു. ഒരു വിഭാഗം നാട്ടുകാർ തെയ്യത്തെ കൈകാര്യം ചെയ്തപ്പോൾ മറുവിഭാഗം അദ്ദേഹത്തെ സംരക്ഷിക്കാനും ശ്രമിച്ചു. ഇതോടെ പ്രശ്നം ഗുരുതരമായി. ഉടൻ പൊലീസും ഉത്സവ കമ്മിറ്റിക്കാരും ചേർന്നിടപെട്ടാണ് രംഗം ശാന്തമാക്കിയത്. സംഭവത്തിൽ ആർക്കും പരാതിയില്ലാതിരുന്നതിനാൽ പോലീസ് കേസെടുക്കാതെ നാട്ടുകാർക്ക് മുന്നറിയിപ്പും നൽകി.