സ്വർണ്ണത്തോടുള്ള സ്ത്രീകളുടെ ഭ്രമം പ്രത്യേകം എടുത്തുപറയേണ്ട ആവശ്യമില്ല. എന്നാൽ പുരുഷന്മാർക്ക് സ്വർണ്ണം ഒരു നിക്ഷേപ മാർഗം കൂടിയാണ്. വിലയെത്ര വർധിച്ചാലും നാളേയ്ക്കുള്ള സമ്പാദ്യം എന്ന നിലയിലാണ് പലരും ഇന്ന് സ്വർണം വാങ്ങുന്നത്. അത്തരക്കാരുടെ ഇഷ്ട കേന്ദ്രമാണ് ദുബായ്. കാരണം പ്രവാസിയായാലും വിനോദ സഞ്ചാരിയായാലും ദുബായിലെത്തിയാൽ ഒരു തരി പൊന്നെങ്കിലും വാങ്ങാതെ മടങ്ങുന്നവർ വിരളമാണ്.
പലരും ദുബായ് ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ നിന്ന് വാങ്ങിയ ആഭരണങ്ങൾ സ്വന്തം രാജ്യത്തെത്തിയ ശേഷം വില്പന നടത്താറുമുണ്ട്. നിങ്ങളെപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ ദുബായിലെ സ്വർണ്ണത്തിന്റെ പ്രത്യേകത എന്താണെന്ന്. ദുബായ് ഗോൾഡൻ മാർക്കറ്റിന്റെ കർശനമായ ഗുണനിലവാര മാനദണ്ഡങ്ങളും ആധികാരികതയുമാണ് ആഗോള സ്വർണ ഉപഭോക്താക്കളെ ഇവിടേയ്ക്ക് ആകർഷിക്കാൻ പ്രധാന കാരണം. ഈ ഗുണനിലവാരം തന്നെയാണ് ഇവിടെ നിന്നും വാങ്ങിയ സ്വർണം മറ്റ് രാജ്യങ്ങളിൽ വിൽക്കാൻ ജനങ്ങളെ പ്രേരിപ്പിക്കുന്നതും.
മാത്രമല്ല, മറ്റ് രാജ്യങ്ങളിലെ പോലെയല്ല ദുബായിൽ നിന്ന് സ്വർണ്ണാഭരണങ്ങൾ വാങ്ങുന്നത്. ഇവിടെ നികുതി രഹിതമായാണ് വില്പന എന്നത് എടുത്തുപറയേണ്ട കാര്യമാണ്. അതായത് മറ്റ് രാജ്യങ്ങളിലെ പോലെ സ്വർണ്ണത്തിന് ഇവിടെ അധിക നികുതി നൽകേണ്ട ആവശ്യമില്ല. സ്വർണ്ണ വില മാത്രം നൽകിയാൽ മതിയാകും. ദുബായിലെ സ്വർണ്ണവില അന്താരാഷ്ട്ര മാർക്കറ്റിലെ വിലയെ അടിസ്ഥാനമാക്കിയാണ് നിശ്ചയിക്കുന്നത്. അതുകൊണ്ടുതന്നെ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇവിടെ സ്വർണത്തിന് വില കുറവും ലഭിക്കും.
ഗൾഫ് രാജ്യങ്ങളിലെ സ്വർണ്ണ വിപണി കൂടുതൽ സംഘടിതമായും നിയന്ത്രണങ്ങളോടെയുമാണ് പ്രവർത്തിക്കുന്നത്. അതിനാൽ വാങ്ങുന്ന സ്വർണം വളരെയധികം സുരക്ഷിതമായിരിക്കും എന്നതും മറ്റൊരു വസ്തുതയാണ്. കൂടാതെ മറ്റ് രാജ്യങ്ങളിൽ ലഭിക്കാത്ത അനവധി ഡിസൈനുകളും പാറ്റേണുകളും ഗൾഫ് രാജ്യങ്ങളിൽ ലഭ്യമാണ്. ഇവിടെ മാറുന്ന ട്രെന്റുകൾക്കനുസരിച്ച് ആഭരണങ്ങൾ നിർമ്മിക്കുന്നതിനാൽ ഉപഭോക്താക്കളെ അതിവേഗം തങ്ങളുടെ വിപണിയിലേയ്ക്ക് ആകർഷിക്കാൻ സാധിക്കുകയും ചെയ്യുന്നുണ്ട്. ഇവകൊണ്ടാണ് എല്ലാവരും ദുബായ് ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലെ സ്വർണ വിപണിയിയോട് കൂടുതൽ അടുക്കുന്നത്.