11-ാമത് ലോക ഗവൺമെൻ്റ് ഉച്ചകോടി (WGS) ഫെബ്രുവരി 12 മുതൽ 14 വരെ ദുബായിൽ അരങ്ങേറും. ‘ഭാവി ഗവൺമെൻ്റുകളെ രൂപപ്പെടുത്തുക’ എന്ന പ്രമേയത്തിന് കീഴിലാണ് ഇത്തവണത്തെ ഉച്ചകോടി നടക്കുക. ഉച്ചകോടിയിൽ നിലവിലെ ആഗോള പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യുമ്പോൾ ഭാവി വെല്ലുവിളികളിലും ശ്രദ്ധ കേന്ദ്രീകരിക്കും. മൂന്ന് ദിവസത്തെ ഉച്ചകോടിയിൽ 25-ലധികം രാഷ്ട്രത്തലവന്മാരും, 120 ഗവൺമെൻ്റ് പ്രതിനിധികളും, 85 അന്താരാഷ്ട്ര, പ്രാദേശിക സംഘടനകളും സ്ഥാപനങ്ങളും, വിദഗ്ധരും ഉൾപ്പെടെ 4,000-ത്തിലധികം പേർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
തുർക്കി പ്രസിഡൻ്റ് റജബ് തയ്യിപ് എർദോഗൻ, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, റുവാണ്ടയുടെ പ്രസിഡൻ്റ് പോൾ കഗാമെ, റിപ്പബ്ലിക് ഓഫ് കെനിയയുടെ പ്രസിഡൻ്റ് വില്യം റൂട്ടോ, കിർഗിസ് റിപ്പബ്ലിക്കിൻ്റെ പ്രസിഡൻ്റ് സദിർ ജപറോവ്, മഡഗാസ്‌കർ പ്രസിഡൻ്റ് ആൻഡ്രി രാജോലിന, മാലിദ്വീപ് പ്രസിഡൻ്റ് ഡോ. മുഹമ്മദ് മുയിസു, മൗറീഷ്യസ് പ്രസിഡൻ്റ് പൃഥ്വിരാജ് സിംഗ് രൂപൻ, സീഷെൽസ് പ്രസിഡൻ്റ് വേവൽ രാംകലവൻ എന്നിവർ പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്. 25 ഓളം തന്ത്രപ്രധാന റിപ്പോർട്ടുകളും സർവേയും ഉച്ചകോടിയിൽ അവതരിപ്പിക്കും.
ഉച്ചകോടിയുടെ ഒന്നാം ദിവസം (ഫെബ്രുവരി 12) ഫ്യൂച്ചർ ഓഫ് വർക്കിനും ഫ്യൂച്ചർ ഓഫ് മൊബിലിറ്റി ഫോറങ്ങൾക്കും കീഴിൽ വിവിധ സെഷനുകൾ കാണും. രണ്ടാം ദിവസം (ഫെബ്രുവരി 13) ജിയോ ടെക്‌നോളജി, AI, സേവനങ്ങൾ എന്നിവയിൽ വിവിധ ചർച്ചകൾ ഉണ്ടായിരിക്കും. ഉയർന്നുവരുന്ന വിപണികളിലെ സുസ്ഥിര നിക്ഷേപത്തിനുള്ള തന്ത്രങ്ങൾ ഉച്ചകോടിയുടെ അവസാന ദിവസം (ഫെബ്രുവരി 14) ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ്. ഫ്യൂച്ചർ ഓഫ് സ്‌പേസ് ഫോറം, ഗ്ലോബൽ ഹെൽത്ത് ആൻഡ് എജ്യുക്കേഷൻ ഫോറങ്ങൾ എന്നിവയാണ് മറ്റ് ഇവൻ്റുകൾ.