മിഡില്‍ ഈസ്റ്റിലെ ആദ്യത്തെ പരമ്പരാഗത ഹൈന്ദവ ശിലാ ക്ഷേത്രമായ അബുദാബി ബാപ്‌സ് ഹിന്ദു മന്ദിറിൻ്റെ ഉദ്ഘാടനത്തിനുളള ഒരുക്കൾ മുന്നോട്ട്. ഉദ്ഘാടന പരിപാടിയുടെ ഭാഗമായി ആത്മീയ നേതാവ് മഹന്ത് സ്വാമി മഹാരാജ് യുഎഇയിലെത്തി. അബുദാബി വിമാനത്താവളത്തിലെത്തിയ മഹന്ത് സ്വാമി മഹാരാജിനെ യുഎഇ സഹിഷ്ണുതാവകുപ്പ് മന്ത്രി ഷെയ്ഖ് നഹ്‌യാന്‍ മുബാറക് അല്‍ നഹ്‌യാന്‍ സ്വീകരിച്ചു.
യുഎഇയുടെ ഔദ്യോഗിക അതിഥിയായാണ് മഹന്ത് സ്വാമി മഹാരാജിനെ സ്വീകരിച്ചത്. ബാൻ്റ് വാദ്യവും നര്‍ത്തകരും ചേര്‍ന്ന് അറബി ശൈലിയായ അല്‍-അയ്യാല ഒരുക്കി പരമ്പരാഗത സാംസ്‌കാരിക രീതിയിലായിരുന്നു സ്വീകരണം. യുഎഇയിലെ നേതാക്കള്‍ മികച്ചവരും വിശാലഹൃദയരുമാണെന്ന് സ്വീകരണം ഏറ്റുവാങ്ങി മഹന്ത് സ്വാമി മഹാരാജ് പ്രതികരിച്ചു.
അബു മുറൈഖ പ്രദേശത്താണ് പുതിയ ക്ഷേത്ര സമുച്ചയം പണിതുയർത്തിയത്. സമാധാനത്തിൻ്റേയും സഹകരണത്തിൻ്റേയും ആത്മാവിനെ ഉള്‍ക്കൊള്ളുന്ന ക്ഷേത്രം ഇന്ത്യയും യുഎഇയും തമ്മിലുള്ള സൗഹൃദത്തിൻ്റെ തെളിവായി മാറുകയാണ്. അബുദാബി ഭരണകൂടം രണ്ടുഘട്ടമായി അനുവദിച്ച 27 ഏക്കർ ഭൂമിയിലാണ് ക്ഷേത്ര നിർമ്മാണം പൂർത്തിയായത്.
ഫെബ്രുവരി 14ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ക്ഷേത്രം ഉദ്ഘാടനം ചെയ്യുക. പരിപാടയോട് അനുബന്ധമായി ‘അഹ്‌ല മോദി’ എന്ന പേരില്‍ പ്രവാസി ഇന്ത്യക്കാരുടെ സ്വീകരണ പരിപാടിക്കുള്ള ഒരുക്കങ്ങളും പുരോഗമിക്കുകയാണ്.