കുവൈത്തിലെത്തുന്ന യാത്രക്കാർക്ക് വിരലടയാളം നിർബന്ധമാക്കി. വിമാനത്താവളത്തിൽ ഏർപ്പെടുത്തിയ ബയോമെട്രിക് വിരലടയാള സംവിധാനം രാജ്യത്തെ എല്ലാ പ്രവേശന കവാടങ്ങളിലേക്കും വ്യാപിപ്പിച്ചു. സ്വദേശി, വിദേശി യാത്രക്കാരെല്ലാം കുവൈത്തിലേക്കു വരുമ്പോൾ വിരലയാളം രേഖപ്പെടുത്തണം.
ഇതുവരെ വിരലടയാളം രേഖപ്പെടുത്താത്തവർക്ക് ഹവല്ലി, ഫർവാനിയ, അഹ്മദി, മുബാറക് അൽ കബീർ, അൽജഹ്റ (സ്വദേശികൾക്കും ജിസിസി പൗരന്മാർക്കും) എന്നീ ഗവർണറേറ്റുകളിലെ സെക്യൂരിറ്റി ഡയറക്ടറേറ്റിലും പഴ്സനൽ ഇൻവെസ്റ്റിഗേറ്റിങ് ഡിപ്പാർട്ട്മെന്റ്, അലിസബാഹ് അൽ സാലിം വിരലടയാള കേന്ദ്രം എന്നിവിടങ്ങളിൽ വിരലടയാളം രേഖപ്പെടുത്താൻ അവസരമുണ്ട്.
ദ് അവന്യൂ മാൾ, 360 മാൾ, അൽഖൂത് മാൾ, ദ് കാപിറ്റൽ മാൾ, ദ് മിനിസ്ട്രീസ് കോംപ്ലസക്സ് എന്നിവിടങ്ങളിലും ബയോമെട്രിക് സംവിധാനം സ്ഥാപിച്ചു. വിമാനത്താവളത്തിലെ തിരക്ക് ഒഴിവാക്കാനാണിതെന്ന് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് സെക്യൂരിറ്റി റിലേഷൻസ് ആൻഡ് മീഡിയ അറിയിച്ചു. വിദേശികൾക്ക് അൽജഹ്റയിലെ പഴ്സനൽ ഐഡന്റിഫിക്കേഷൻ ഫിങ്കർ പ്രിന്റിങ് കമ്പനിയിലും വിരലടയാളം രേഖപ്പെടുത്താം.
ജനുവരിയിൽ മാത്രം 26,238 പേർ വിമാനത്താവളത്തിലെ ബയോമെട്രിക് സംവിധാനം വഴി വിരലടയാളം രേഖപ്പെടുത്തിയിരുന്നെന്നും അധികൃതർ അറിയിച്ചു.