സൗദി ദേശീയ വിമാനക്കമ്പനിയായ സൗദിയ പതിനായിരത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് കമ്പനി വക്താവ് അറിയിച്ചു. പൈലറ്റ്, ക്യാബിൻക്രൂ ഉൾപ്പെടെയുള്ള നിരവധി തസ്തികകളിലാണ് അവസരങ്ങളുണ്ടാവുക. എന്നാൽ കോ പൈലറ്റ് തസ്തികകളിൽ സമ്പൂർണ സൗദിവത്കരണം നടപ്പാക്കിയതായും കമ്പനി വക്താവ് അറിയിച്ചു.
അതേസമയം പൈലറ്റ്, ക്യാബിൻ ക്രൂ, മെയിന്റനൻസ് ടെക്നീഷ്യന്‍സ് എന്നിവയ്ക്കു പുറമേ ഷിപ്പിംഗ്, ലോജിസ്റ്റിക്സ് മേഖലയിലും കമ്പനി പുതിയ അവസരങ്ങൾ സൃഷ്ടിക്കും. പതിനായിരത്തിലധികം പേർക്കായിരിക്കും ഇത്തരത്തിൽ സൗദിയ എയർലൈൻസിൽ ജോലി ലഭിക്കുക. സൗദിയ മീഡിയ അഫയേഴ്സ് ജനറൽ മാനേജർ അബ്ദുള്ള അൽ ഷഹ്റാനിയാണ് ഇക്കാര്യങ്ങൾ അറിയിച്ചത്. കമ്പനിയിൽ സ്വദേശിവത്കരണം ശക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കമ്പനിയുടെ കോ പൈലറ്റ് തസ്തികയിൽ നിലവിൽ പൂർണമായും സൗദി പൗരന്മാറാണുള്ളത്. പൈലറ്റ് തസ്തികയിലും സൗദിവത്കരണം നടപ്പാക്കും. ഇതിനായി മേഖലയിൽ പ്രൊഫഷണലുകളെ വളർത്തിയെടുക്കുമെന്നും അൽ ഷഹ്റാനി പറഞ്ഞു. പുതുതായി നിരവധി വിമാനങ്ങളും കമ്പനി സ്വന്തമാക്കിയിട്ടുണ്ട്. വിമാനങ്ങളുടെ എണ്ണം വർധിപ്പിക്കാൻ അധികം കരാറുകളിൽ ഏർപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.