ദുബായിലെ നോൽ കാർഡ് ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്. പുത്തൻ സാങ്കേതിക വിദ്യയിലേക്ക് കാർഡ് അപ്ഗ്രേഡ് ചെയ്യാൻ ഒരുങ്ങുകയാണ് ദുബായ് ആർടിഎ. 350 മില്യൺ ദിർഹം നിക്ഷേപമിറക്കി എഐ സംവിധാനത്തിലേക്കാണ് കാർഡ് അപ്ഗ്രേഡ് ചെയ്യുക. ഫേഷ്യൽ റെക്കഗ്നിഷൻ ഫീച്ചർ എങ്ങനെ നടപ്പാക്കുമെന്ന് ഇപ്പോൾ വ്യക്തമല്ല.
നോൽ കാർഡ് ഡിജിറ്റലാക്കുകയാണ്. നോൽ കാർഡിനു പകരം ടിക്കറ്റിങ് മെഷീനിലേക്ക് നോക്കിയാലും (ഫേഷ്യൽ റെക്കഗ്നിഷൻ) സ്മാർട്ട് ഫോണോ സ്മാർട്ട് വാച്ചോ കാണിച്ചാലും കവാടം തുറക്കും വിധമാണ് നോൽ കാർഡ് നവീകരിക്കുന്നത്. മെട്രോ, ട്രാം, ബസ്, ടാക്സി എന്നിവയിലെല്ലാം ഇതു ഉപയോഗിക്കാം.
അതായത് ഇപ്പോൾ കൈയ്യിൽ കൊണ്ട് നടക്കുന്ന നോൽ കാർഡ് ഭാവിയിൽ ഉണ്ടാവില്ല, പകരം എഐ സംവിധാനം വഴി നോൽ കാർഡ് സേവനങ്ങൾ ഉപയോക്താക്കളിലേക്ക് എത്തും.
പുതിയ സംവിധാനത്തിൽ “ട്രിപ്പ് പ്ലാനിംഗ്, ബുക്കിംഗ്, സ്മാർട്ട് ചാനലുകൾ വഴിയുള്ള പ്രീ-പേയ്മെൻ്റ് എന്നിങ്ങനെ നിരവധി നൂതനമായ സവിശേഷതകൾ കാണും“. ഫാമിലി, ഗ്രൂപ്പ് ടിക്കറ്റുകൾ എന്നിവയ്ക്കൊപ്പം വൈവിധ്യമാർന്ന സേവനങ്ങളും ഉൾക്കൊള്ളുന്ന സംയോജിത പാക്കേജുകളാണ് പുത്തിൻ സാങ്കേതിക വിദ്യവഴി വാഗ്ദാനം ചെയ്യുക എന്ന്, ആർടിഎയുടെ ഡയറക്ടർ ജനറലും ബോർഡ് ഓഫ് എക്സിക്യൂട്ടീവ് ഡയറക്ടർമാരുടെ ചെയർമാനുമായ മാറ്റർ അൽ തായർ പറഞ്ഞു. അക്കൗണ്ട് ബാലൻസുകൾ, ട്രാവൽ ഹിസ്റ്ററി, വിലനിർണ്ണയം, യാത്രാക്കൂലി കണക്കുകൂട്ടലുകൾ തുടങ്ങിയ വിവരങ്ങളിലേക്ക് സിസ്റ്റം നേരിട്ട് ആക്സസ് നൽകുന്നു. ഒരാളുടെ പേരിലുള്ള എല്ലാ കാർഡുകളും വ്യക്തിഗത അക്കൗണ്ടിലേക്കു ചേർക്കാമെന്നതിനാൽ സുരക്ഷ ഉറപ്പാക്കാനാകും. ദുബായിൽ മെട്രോ സേവനം ആരംഭിച്ച 2009 സെപ്റ്റംബർ 9ന് അവതരിപ്പിച്ച നോൽ കാർഡ് ഇതുവരെ 3 കോടി കാർഡുകൾ വിതരണം ചെയ്തു.