ഈ വർഷത്തെ പത്മ പുരസ്കാര പ്രഖ്യാപനത്തിൽ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പത്മ പുരസ്കാരങ്ങൾ പ്രതിഭാശാലികളിൽ നിന്ന് ഒരുപാട് അകന്ന് നിൽക്കുകയാണ്. ഏറ്റവും അർഹതപ്പെട്ട കരങ്ങളിൽ എത്തുമ്പോഴാണ് പുരസ്കാരത്തിന് വജ്രശോഭ കൈവരുന്നതെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.
‘ചിരഞ്ജീവിക്ക് പദ്മവിഭൂഷണും മിഥുൻ ചക്രവർത്തിക്ക് പദ്മഭൂഷണും ലഭിച്ചുവെന്ന വാർത്ത പത്രങ്ങളിൽ വായിച്ചപ്പോൾ ആദ്യം ഓർത്തത് മമ്മൂട്ടിയെ കുറിച്ചാണ്. 1998 ൽ പദ്മശ്രീ ലഭിച്ച് കാൽ നൂറ്റാണ്ടിനിപ്പുറവും മമ്മൂട്ടി അവിടെ തന്നെ നിൽക്കുകയാണ്. ഒരു ഇന്ത്യൻ ചലച്ചിത്ര താരത്തെ പദ്മഭൂഷൺ, പദ്മവിഭൂഷൺ ബഹുമതിക്ക് പരിഗണിക്കുന്നു എങ്കിൽ ആദ്യത്തെ പേരുകാരൻ മമ്മൂട്ടിയാണെന്നതിൽ യാതൊരു തർക്കവുമില്ല’- അദ്ദേഹം അഭിപ്രായപ്പെട്ടു.
ടി.പത്മനാഭൻ, സി.രാധാകൃഷ്ണൻ, സാനു മാഷ്, സാറാ ജോസഫ്, സജിതാ ശങ്കർ, സുജാതാ മോഹൻ, നെടുമുടി വേണു , ഡോ. എം.വി. പിള്ള, ദീപൻ ശിവരാമൻ, എം.എൻ കാരിശ്ശേരി, ഡോ. വി.എസ്. വിജയൻ തുടങ്ങിയ നിരവധി പ്രതിഭാശാലികളിൽ നിന്ന് പത്മ പുരസ്കാരങ്ങൾ അകന്ന് നിൽക്കുകയാണ്. ഇവരെ പോലെ തന്നെ പി.ഭാസ്കരൻ മാഷിൻ്റെയും ഒ.എൻ.വിയുടേയും സമകാലികനായ ശ്രീകുമാരൻ തമ്പിയും പുരസ്ക്കാരത്തിന് അർഹനാണ്. രാജ്യം നൽകുന്ന ആദരമാണ് പത്മ പുരസ്കാരങ്ങൾ. എന്നാൽ ഇന്ത്യയെന്ന മനോഹരവും ഗംഭീരവുമായ സങ്കൽപ്പത്തെ കൂടുതൽ ഉജ്വലമാക്കുന്നതാവണം രാജ്യം നൽകുന്ന ആദരമെന്നും വി.ഡി സതീശൻ ഫെയ്സ്ബുക്കിൽ കുറിച്ചു.