സ്കൂൾ വിദ്യാര്‍ത്ഥികളിൾക്ക് ആരോഗ്യകരമായ ഭക്ഷണം ഉറപ്പാക്കണമെന്ന് ദുബായ് മുനിസിപ്പാലിറ്റി. പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്നതിന്‍റെ ഭാഗമായി ദുബായിലെ സ്കൂൾ കാന്‍റീനുകൾക്കും പാചകക്കാര്‍ക്കും ഇത് സംബന്ധിച്ച് മുനിസിപ്പാലിറ്റി നിര്‍ദ്ദേശം നല്‍കി.
കാന്റീനുകൾ വഴി വിൽക്കുന്ന ഇനങ്ങളിൽ കൂടുതൽ പഴങ്ങൾ, പച്ചക്കറികൾ, നാരുകൾ എന്നിവ ഉൾപ്പെടുത്തുന്നതിനാണ് നിര്‍ദ്ദേശം. പുതിയ പാചകക്കുറിപ്പുകൾ പരീക്ഷിക്കാൻ കാറ്ററർമാരോടും മുനിസിപ്പാലിറ്റി അഭ്യര്‍ത്ഥിച്ചു. അന്താരാഷ്ട്ര തലത്തില്‍ അംഗീകരിക്കപ്പെട്ട രീതികൾക്ക് അനുസൃതമായി നവീകരിച്ച പോഷകാഹാര മാർഗ്ഗനിർദ്ദേശങ്ങളാണ് അവതരിപ്പിച്ചത്.
രണ്ട് വർഷത്തെ കോവിഡ് നിയന്ത്രണങ്ങൾക്ക് ശേഷമാണ് യുഎഇയിലെ സ്കൂളുകൾ പൂര്‍ണതോതിലേക്ക് എത്തുന്നത്. നല്ല ഭക്ഷണം തെരഞ്ഞെടുക്കുന്നതിനും ആരോഗ്യപരിപാലനത്തിനും വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്ന നിരവധി സംരംഭങ്ങളും മുനസിപ്പാലിറ്റി ലക്ഷ്യം വയ്ക്കുന്നുണ്ട്.
ആദ്യഘട്ടമെന്ന നിലയില്‍ തെരഞ്ഞെടുത്ത സ്കൂളുകൾക്കാണ് നിര്‍ദ്ദേശം നല്‍കിയതെന്നും കൂടുതല്‍ വിലയിരുത്തലുകൾക്ക് ശേഷം മറ്റ് സ്കൂളുകളിലേക്കും പദ്ധതി വ്യാപിപ്പിക്കുമെന്ന് മുനിസിപ്പാലിറ്റി വിഭാഗം വ്യക്തമാക്കി. സ്കൂളുകളുടെ നിര്‍ദ്ദേശങ്ങൾ കേൾക്കുമെന്നും അധികൃതര്‍ സൂചിപ്പിച്ചു.