സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതിന്റെ പേരിൽ എയർ ഇന്ത്യയ്ക്ക് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) 1.10 കോടി രൂപ പിഴ ചുമത്തി. ചില ദീർഘദൂര റൂട്ടുകളിൽ സർവീസ് നടത്തുന്ന എയർ ഇന്ത്യയുടെ വിമാനങ്ങളിൽ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി.
വിവിധ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചെന്നതിന്റെ പേരിൽ എയർ ഇന്ത്യ ജീവനക്കാരൻ തന്നെ വിമാനക്കമ്പനിക്കെതിരെ റിപ്പോർട്ട് നൽകിയതായി ഡിജിസിഎ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. റിപ്പോർട്ട് സമഗ്രമായി പരിശോധിച്ചിട്ടുണ്ട്. പരാതിയിലെ ആരോപണങ്ങൾ ശരിയാണെന്ന് കണ്ടെത്തിയതായും ഏവിയേഷൻ റെഗുലേറ്റർ അറിയിച്ചു.
ചില സുപ്രധാനമായ ദീർഘദൂര റൂട്ടുകളിൽ എയർ ഇന്ത്യ സർവീസ് നടത്തുന്ന വിമാനങ്ങളിൽ സുരക്ഷാ ലംഘനങ്ങൾ നടന്നുവെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്. എയർ ഇന്ത്യ ലിമിറ്റഡിന്റെ മാനേജർക്ക് ഡിജിസിഎ കാരണം കാണിക്കൽ നോട്ടീസും നൽകിയിട്ടുണ്ട്.