ആരാധകർ ഏറെയുള്ള തെന്നിന്ത്യൻ താരമാണ് നയൻതാര. കഴിഞ്ഞ വർഷമാണ് നടി ഇൻസ്റ്റാഗ്രാമിൽ സജീവമായത്. ഇപ്പോഴിതാ ഇൻസ്റ്റാഗ്രാമിൽ നയൻതാര കുഞ്ഞിനൊപ്പമുള്ള ഒരു ചിത്രം പങ്കുവച്ചതിന് കമന്റുകളുമായി എത്തിയിരിക്കുകയാണ് ആരാധകരും സിനിമാ താരങ്ങളും. കുഞ്ഞിനെ തോളിൽ കിടത്തി ലാളിക്കുന്ന ചിത്രമാണ് നടി പങ്കുവെച്ചത്. ‘ദൈവത്തിന്റെ സകല ചൈതന്യവും ഒരു കുഞ്ഞുമുഖത്ത്’ എന്ന ക്യാപ്ഷനും ചിത്രത്തിന് നൽകിയിട്ടുണ്ട്.
സംവിധായകൻ അൽഫോൺസ് പുത്രനും ചിത്രത്തിന് കമെന്റുമായി എത്തി. ‘രണ്ട് മുഖത്തുമുണ്ട് മാഡം ‘എന്നാണ് അൽഫോൺസ് കുറിച്ചത്. അൽഫോൺസിന്റെ കമന്റിനും നിരവധിയാളുകൾ മറുപടി നൽകിയിട്ടുണ്ട്. അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത ‘ഗോൾഡ്’ എന്ന ചിത്രത്തിൽ നയൻതാരയായിരുന്നു നായിക.
രസകരമായ ചില കമെന്റുകളും ആരാധകർ പങ്കുവെച്ചിട്ടുണ്ട്. നയന്‍താരയുടെ ഭർത്താവും സംവിധായകനുമായ വിഘ്നേഷ് ശിവൻ എപ്പോഴും ഉപയോഗിക്കാറുള്ള ‘രത്തമാരേ’ എന്ന ഗാനം ചിത്രത്തിനൊപ്പം ചേർക്കാത്തതിന് നന്ദിയുണ്ടെന്നാണ് ചിലർ തമാശയോടെ കുറിച്ചത്. ജയലറിലെ ‘രത്തമാരേ’ എന്ന ഗാനത്തിന് സ്വാതന്ത്ര്യം ലഭിച്ചുവെന്നായിരുന്നു മറ്റൊരാളുടെ കമന്റ്.
തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള താരദമ്പതിമാരാണ് നയന്‍താരയും വിഘ്നേഷ് ശിവനും. ജീവിതത്തിലെ പ്രിയനിമിഷങ്ങൾ വിഘ്നേഷ് ശിവനും നയൻതാരയും സ്ഥിരമായി സമൂഹ മാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. 2015-ൽ വിഘ്നേഷ് ശിവൻ സംവിധാനം ചെയ്ത ‘നാനും റൗഡി താൻ’ എന്ന ചിത്രത്തിലാണ് ഇരുവരും ആദ്യമായി ഒന്നിച്ചു പ്രവർത്തിക്കുന്നതും പ്രണയത്തിലാവുന്നതും. ഏഴു വര്‍ഷത്തെ പ്രണയത്തിന് ശേഷം 2021 ജൂണില്‍ വിവാഹിതരായ നയന്‍താരയ്ക്കും വിഘ്നേഷ് ശിവനും ഒക്ടോബറിലാണ് ഇരട്ടക്കുഞ്ഞുങ്ങള്‍ പിറന്നത്. കുഞ്ഞുങ്ങൾക്ക് ഉയിര് രുദ്രോനീല്‍ എന്‍. ശിവന്, ഉലക് ദൈവിക് എന്‍. ശിവന് എന്നിങ്ങനെയാണ് പേരുകൾ നൽകിയിരിക്കുന്നത്.