ദുബായിൽ ഇ-സ്കൂട്ടർ ഉപയോഗിക്കാൻ ആവശ്യമായ സൗജന്യ ഡ്രൈവിംഗ് പെർമിറ്റിന് നാളെ (ഏപ്രിൽ 28) മുതൽ അപേക്ഷിക്കാമെന്ന് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ അറിയിപ്പ്. ആർടിഎ വെബ്സൈറ്റിലെ ഇലക്ട്രോണിക് പ്ലാറ്റ്ഫോം വഴിയാണ് സൗജന്യ ഡ്രൈവിംഗ് പെർമിറ്റ് നൽകുക. പെർമിറ്റ് സ്വന്തമാക്കാൻ ആർടിഎയുടെ വെബ്സൈറ്റിൽ കൊടുത്തിരിക്കുന്ന ബോധവൽക്കരണ പരിശീലന കോഴ്സിൽ യോഗ്യത നേടി വിജയിക്കണം. ഇ-സ്കൂട്ടർ ഓടിക്കുന്നയാളിന് കുറഞ്ഞത് 16 വയസ് ഉണ്ടായിരിക്കണം. സ്കൂട്ടർ ഉപയോഗിക്കേണ്ട രീതിയെക്കുറിച്ചും ഓടിക്കാൻ സാധിക്കുന്ന റോഡുകളെക്കുറിച്ചും ക്ലാസ്സുണ്ടാകും.
പെർമിറ്റ് ഇല്ലാതെ ഇ-സ്കൂട്ടർ ഓടിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ 200 ദിർഹം പിഴ ചുമത്തും. റോഡിലെ മറ്റ് വാഹനങ്ങൾക്കോ കാൽനടയാത്രക്കാർക്കോ ബുദ്ധിമുട്ട് ഉണ്ടായാലും 200 ദിർഹമാണ് പിഴ. പാർക്കിംഗ് അനുവദനീയമായ സ്ഥലങ്ങളിൽ മാത്രമേ പാടുള്ളു. പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ, പൊതുഗതാഗത സംവിധാനങ്ങൾ എന്നിവയ്ക്ക് സമീപം പാർക്കിംഗ് അനുവദിക്കുമെന്ന് അധികൃതർ അറിയിച്ചു.
ഇ-സ്കൂട്ടർ ഓടിക്കുമ്പോൾ ഓടിക്കുന്നയാളെ തിരിച്ചറിയുന്ന തരത്തിൽ വേണം വസ്ത്രവും ഹെൽമെറ്റും ധരിക്കാൻ. സാധനങ്ങൾ കൊണ്ടുപോകാൻ ഇ-സ്കൂട്ടർ ഉപയോഗിക്കാൻ പാടില്ല. മറ്റു വാഹനങ്ങൾ, കാൽനടയാത്രക്കാർ എന്നിവരിൽ നിന്ന് സുരക്ഷിത അകലം പാലിക്കണം. വെള്ള ഹെഡ്ലൈറ്റ്, ചുവപ്പ് ലൈറ്റ്, റിഫ്ളക്റ്റീവ് ലൈറ്റുകൾ എന്നിവ ഇ-സ്കൂട്ടറിൽ ഉണ്ടായിരിക്കണം.