കണ്ണടച്ചും തുറക്കും മുൻപേയാണ് ദുബായ് നഗരം വളരുന്നത്. അതുകൊണ്ട് തന്നെ പ്രവാസികൾക്കും ടൂറിസ്റ്റുകൾക്ക് പ്രിയ ഇടമായി മാറി ദുബായ്. ഇൻഫ്രാസ്ട്രക്ചറിലും അതിനൂതന സാങ്കേതിക വിദ്യയിലൂടെയും ദുബായ് വളർച്ച പ്രാപിക്കുമ്പോൾ ദുബായ് നഗരത്തിൻറെ ഗതാഗതവും മികച്ചതാക്കി മാറ്റുകയാണ് ദുബായ് റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ). ഇക്കഴിഞ്ഞുപോയ വർഷം എമിറേറ്റിലെ 14 സ്ഥലങ്ങളിൽ ഗതാഗത വികസന പദ്ധതികൾ പൂർത്തീകരിച്ചതായി ആർ.ടി.എ അധികൃതർ വെളിപ്പെടുത്തി.
ആർ.ടി.എയുടെ അതിവേഗ ഗതാഗത വിപുലീകരണപദ്ധതിയിൽ ഉൾപ്പെടുത്തിയാണ് എമിറേറ്റിൽ വികസന പ്രവർത്തനങ്ങൾ നടന്നത്. 2023-24 വർഷത്തിൽ 45 ഗതാഗതപദ്ധതികൾ നടപ്പാക്കാനാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. ചില സ്ഥലങ്ങളിൽ 60ശതമാനം വരെ യാത്രാസമയം കുറയുകയും 25ശതമാനം വരെ റോഡുകൾക്ക് ഉൾക്കൊള്ളാവുന്ന വാഹനശേഷി വർധിക്കുകയും ചെയ്തു. എമിറേറ്റിലെ ജനസംഖ്യ വർധനവും നഗരവത്കരണവും വർധിക്കുന്നതിന് അനുസരിച്ച് അടിസ്ഥാന സൗകര്യവികസനത്തിൻറെ ഭാഗമാണ് ആർ.ടി.എ പദ്ധതികളെന്ന് ട്രാഫിക് ആൻഡ് റോഡ് ഏജൻസി സി.ഇ.ഒ അബ്ദുല്ല യൂസുഫ് അൽ അലി പറഞ്ഞു.
അൽ ഖൈൽ റോഡിലേക്കുള്ള അൽ അസായിൽ സ്ട്രീറ്റിൽനിന്ന് ഫിനാൻഷ്യൽ സെന്റർ സ്ട്രീറ്റിലേക്കുള്ള ഫ്രീ റൈറ്റ് എക്സിറ്റ് നവീകരണം കഴിഞ്ഞ വർഷം നടന്ന പ്രധാന വികസനമാണ്. ഈ പരിഷ്‌ക്കരണം എക്സിറ്റിന്റെ ശേഷി ഇരട്ടിയാക്കുകയും ട്രാഫിക് ഫ്ലോ വർധിപ്പിക്കുകയും ബിസിനസ് ബേ ഏരിയയിൽനിന്ന് ഫിനാൻഷ്യൽ സെന്റർ സ്ട്രീറ്റിലേക്കുള്ള യാത്രാസമയം 5 മിനിറ്റിൽനിന്ന് ഒരുമിനിറ്റായി കുറക്കുകയും ചെയ്തു. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ്, അല്‍ അവീർ സ്ട്രീറ്റ്, അബൂബക്കർ അല്‍ സിദ്ദീഖ് സ്ട്രീറ്റ്, അല്‍ റിബാത്ത് സ്ട്രീറ്റ്, അല്‍ ഖൈല്‍ റോഡ്, അല്‍ മെയ്ദാൻ സ്ട്രീറ്റ് എന്നിവയാണ് ഈ വർഷം വികസനപദ്ധതി നടപ്പാക്കുന്ന പ്രധാന സ്ഥലങ്ങള്‍.