പ്രാണപ്രതിഷ്ഠാ ചടങ്ങിനൊരുങ്ങി അയോധ്യ. 12.29 മുതൽ 84 സെക്കൻഡ് നീണ്ടുനിൽക്കുന്നതായിരിക്കും പ്രാണപ്രതിഷ്ഠ. ചടങ്ങിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി ഉൾപ്പെടെയുള്ള പ്രമുഖർ ക്ഷേത്രത്തിലെത്തിയിട്ടുണ്ട്. 8,000 അതിഥികളുടെ സാന്നിധ്യത്തിലായിരിക്കും പ്രതിഷ്ഠാ ചടങ്ങ് നടക്കുക.
കാശിയിലെ ഗണേശ്വർ ശാസ്ത്രി ദ്രാവിഡിൻ്റെ മേൽനോട്ടത്തിൽ പണ്ഡിറ്റ് ലക്ഷ്മീകാന്ത് ദീക്ഷിതാണ് പൂജകൾക്ക് മുഖ്യകാർമികത്വം വഹിക്കുന്നത്. 12.20-നാണ് പ്രാണപ്രതിഷ്‌ഠാ ചടങ്ങ് ആരംഭിക്കുക. 12.29 മുതൽ 84 സെക്കൻഡ് നീണ്ടുനിൽക്കുന്നതായിരിക്കും പ്രാണപ്രതിഷ്ഠാ ചടങ്ങ്. അതിന് ശേഷം ഒരു മണിക്ക് ക്ഷണിക്കപ്പെട്ട അതിഥികളെ മോദി അഭിസംബോധന ചെയ്യും. രണ്ട് മണി മുതൽ അതിഥികൾക്ക് ക്ഷേത്രദർശനം നടത്താനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
പ്രാണപ്രതിഷ്ഠയ്ക്ക് മുമ്പ് രാജ്യത്തെ 50 പരമ്പരാഗത സംഗീതോപകരണങ്ങൾ ഉപയോഗിച്ചുള്ള മംഗളധ്വനി ക്ഷേത്ര പരിസരത്ത് മുഴങ്ങും. കൂടാതെ വിവിധ കലാപരിപാടികളും അരങ്ങേറും. ചടങ്ങിന്റെ ഭാഗമായി അയോധ്യയിൽ പൊലീസും കേന്ദ്രസേനകളും കനത്തസുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.