മൊത്ത ആഭ്യന്തര ഉല്പാദനത്തിന്റെ (ജിഡിപി) നിരക്കിൽ വളർച്ച കൈവരിച്ച് ദുബായ്. കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ ആദ്യ ഒമ്പത് മാസത്തിനിടെ ജി.ഡി.പിയിൽ 3.3 ശതമാനം വളർച്ചയാണ് ദുബായ് കൈവരിച്ചിരിക്കുന്നത്. യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൻ്റെ കാഴ്‌ചപ്പാടുകളും നയങ്ങളുമാണ് ദുബായിയുടെ സുസ്ഥിര വളർച്ചയ്ക്ക് പിന്നിലെന്ന് എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനും ദുബായ് കിരീടാവകാശിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് പറഞ്ഞു.
താമസ, ഭക്ഷണ, സേവനമേഖലകളിൽ മാത്രം ഒമ്പത് മാസത്തിനിടെ ദുബായ് 11.1 ശതമാനം വളർച്ചയാണ് കൈവരിച്ചത്. ഗതാഗത, സംഭരണ മേഖലകളിൽ 10.9 ശതമാനവും ഇൻഫർമേഷൻ ആന്റ് കമ്യൂണിക്കേഷൻ മേഖലയിൽ 4.4 ശതമാനം വർധനയും നേടി. വിദ്യാഭ്യാസ മേഖലയിൽ 2.6 ശതമാനവും ഇലക്ട്രിസിറ്റി, ഗ്യാസ്, ജലം, മാലിന്യ സംസ്ക്‌കരണ മേഖലകളിൽ 2.2 ശതമാന ത്തിൻ്റെ വളർച്ചയും രേഖപ്പെടുത്തി.
റിയൽ എസ്റ്റേറ്റ് മേഖലയിൽ കഴിഞ്ഞ ഒമ്പതു മാസത്തിനിടെ നാല് ശതമാനത്തിൻ്റെ വളർച്ച രേഖപ്പെടുത്തിയപ്പോൾ സാമ്പത്തിക, ഇൻഷുറൻസ് മേഖലയിൽ 2.7 ശതമാനം വളർച്ചയും കൈവരിച്ചു. നിർമ്മാണമേഖലയിൽ 2.2 ശതമാനവും പ്രഫഷനൽ സർവീസ് രംഗത്ത് 1.9 ശതമാനവും വളർച്ച കൈവരിച്ചതായി ദുബായ് ഇക്കണോമിക് ഡേറ്റകൾ വ്യക്തമാക്കി. ദുബായിൽ നിലനിൽക്കുന്ന മികച്ച നിക്ഷേപാന്തരീക്ഷവും അടിസ്ഥാന സൗകര്യവുമാണ് ജിഡിപി വളർച്ചയ്ക്ക് സ്ഥിരത നൽകുന്നതെന്ന് ഷെയ്ഖ് ഹംദാൻ കൂട്ടിച്ചേർത്തു.