കോഫി പ്രേമികൾക്കായി വിവിധ തരം കാപ്പികളുടെ സംഗമമൊരുക്കി ദുബായ്. മൂന്നാമത് വേൾഡ് ഓഫ് കോഫി എക്സിബിഷന് ഇന്ന് തുടക്കമായി. ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ ജനുവരി 23 വരെയാണ് മേള സംഘടിപ്പിക്കുന്നത്.
ദുബായ് വേൾഡ് ട്രേഡ് സെന്ററിന് കീഴിൽ പ്രവർത്തിക്കുന്ന ഇവന്റ് മാനേജ്‌മെന്റ് സ്ഥാപനമായ ഡി.എക്സ്.ബി ലൈവാണ് എക്സിബിഷൻ ഒരുക്കിയിരിക്കുന്നത്. സ്‌പെഷ്യാലിറ്റി കോഫി അസോസിയേഷന്റെ സഹകരണത്തോടെയാണ് മേള സംഘടിപ്പിച്ചത്. 51 രാജ്യങ്ങളിൽ നിന്നുള്ള 1,650 കമ്പനികളും ബ്രാൻഡുകളും മേളയിൽ പങ്കെടുക്കുന്നുണ്ട്.
എക്സിബിഷനിൽ ഇന്ത്യ, മ്യാൻമർ, റുവാണ്ട, ഉഗാണ്ട, ഇക്വഡോർ, കോസ്റ്റാറിക്ക, എൽ സാൽവഡോർ എന്നീ ഏഴ് രാജ്യങ്ങളുടെ ദേശീയ പവലിയനുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. അമേരിക്ക, ജർമ്മനി, കാനഡ, സ്ലൊവാക്യ, പോർച്ചുഗൽ, അയർലൻഡ്, കുവൈറ്റ്, നോർവേ, തായ്‌വാൻ, തായ്‌ലൻഡ്, പാക്കിസ്ഥാൻ, ഇറാൻ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള കോഫി കമ്പനികളും ബ്രാൻഡുകളുമാണ് മേളയിൽ പങ്കെടുക്കുന്നത്.