ഗതാഗത നിയമ ലംഘനങ്ങൾ കണ്ടെത്തുന്നതിന് പുതിയ ചുവടുവെപ്പുമായി റോയൽ ഒമാൻ പൊലീസ്. ഇതിന്റെ ഭാഗമായി റോഡുകളിൽ സ്മാർട്ട് റഡാറുകൾ സ്ഥാപിച്ചു തുടങ്ങി. ഇവ പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തനം ആരംഭിച്ചിട്ടുണ്ടെന്നും റോയൽ ഒമാൻ പൊലീസ് അറിയിച്ചു.
സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കൽ, മൊബൈൽ ഫോണുകളുടെ ഉപയോഗം, റോഡ് സിഗ്നലിനു മുമ്പായി ലയ്ൻ മാറൽ എന്നിവ ഈ റഡാറിന് കണ്ടെത്താനാകും. സമാനമായ രീതിയലുള്ള റഡാറുകൾ ജി.സി.സി രാജ്യങ്ങളിലും ഉപയോഗിക്കുന്നുണ്ട്. ഇതിന്റെ ചുവട് പിടിച്ചുകൊണ്ടാണ് പുതിയ സംവിധാനം അധികൃതർ ഒരുക്കിയിരിക്കുന്നത്. മാത്രമല്ല, രാജ്യത്ത് ഏറ്റവും കൂടുതൽ അപകടങ്ങൾ നടക്കുന്നത് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിക്കുന്നതിലൂടെയാണെന്ന് ദേശീയ സ്ഥിതി വിവരകേന്ദ്രത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. 2022ൽ രാജ്യത്ത് 76,200 വാഹനാപകടങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
അതേസമയം ജി.സി.സി രാജ്യങ്ങളിൽ നിന്ന് ഉയർന്ന ട്രാഫിക് പിഴ ലഭിച്ചതായി പലരും സമൂഹമാധ്യമങ്ങളിൽ അടുത്തിടെ പലരും പരാതി ഉന്നയിച്ചിരുന്നു.18,000റിയാൽവരെ പിഴയായി ലഭിച്ചിരുന്നുവെന്നാണ് പരാതികൾ. ഇത്തരം ഗതാഗത നിയമ ലംഘന പിഴകൾ ഒഴിവാക്കാൻ മറ്റ് ജി.സി.സി രാജ്യങ്ങളിലേക്ക് യാത്ര പുറപ്പെടുന്നതിനു മുമ്പ് അവിടത്തെ നിയമങ്ങൾ മനസ്സിലാക്കിയിരിക്കണമെന്നും റോയൽ ഒമാൻ പൊലീസ് ആവശ്യപ്പെട്ടു. ജി.സി.സി രാജ്യങ്ങളിൽ ട്രാഫിക് പിഴകൾക്ക് ഏകീകൃത രൂപമാണെന്നും പിഴകളിൽ പരാതിയുള്ളവർക്ക് റോയൽ ഒമാൻ പൊലീസ് വഴി നൽകാമെന്നും അധികൃതർ വ്യക്തമാക്കി.