മദ്യപിച്ച് ബാറിൽ നിന്ന് ഇറങ്ങിവരുന്നവർക്കെതിരെ പട്രോളിങ്ങിന്റെ ഭാഗമായി നടപടിയെടുക്കരുത് എന്ന വിചിത്രമായ ഉത്തരവ് പിൻവലിച്ച് മലപ്പുറം എസ്.പി. ജില്ലാ പൊലീസ് മേധാവി എസ്. ശശിധരൻ എസ്.എച്ച്.ഒമാർക്ക് നൽകിയ ഉത്തരവാണ് ഇപ്പോൾ പിൻവലിച്ചിരിക്കുന്നത്.
പോലീസ് വാഹന പരിശോധനയും പട്രോളിങും നടത്തുന്ന സമയങ്ങളിൽ അംഗീകൃത ബാറുകളുടെ ഉള്ളിൽ നിന്നോ അവയുടെ അധികാരപരിധിയിൽ നിന്നോ മദ്യപിച്ച് ഇറങ്ങുന്ന വ്യക്തികളെ പിടികൂടരുത് എന്നായിരുന്നു ഉത്തരവിലെ നിർദ്ദേശം. എന്നാൽ സംഭവം വിവാദമായതോടെ മണിക്കൂറുകൾക്കകം ജില്ലാ പോലീസ് മേധാവി ഉത്തരവ് പിൻവലിക്കുകയായിരുന്നു.
ഉത്തരവ് തയ്യാറാക്കിയവർക്ക് പിഴവ് സംഭവിച്ചുവെന്നാണ് സംഭവവുമായി ബന്ധപ്പെട്ട് ലഭിക്കുന്ന ഔദ്യോഗിക വിശദീകരണം. ഇന്നാണ് മലപ്പുറം പോലീസ് ഈ വിചിത്ര ഉത്തരവ് പുറത്തിറക്കിയത്.