അധ്യയനവർഷം ആരംഭിക്കുന്നതിന് മുന്നോടിയായി സ്വകാര്യ സ്‌കൂൾ പ്രവേശനവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ വിശദീകരിച്ച് അബുദാബി വിദ്യാഭ്യാസ, വിജ്ഞാനവകുപ്പ് (അഡെക്). കുട്ടികളുടെ അഡ്മിഷനുമായി ബന്ധപ്പെട്ട് രക്ഷിതാക്കൾക്ക് അറിവ് പകരുന്നതിന്റെ ഭാഗമായാണ് നടപടി. പ്രവേശന പരീക്ഷകൾ, സ്‌കൂളുകളുടെ പട്ടിക, ട്യൂഷൻ ഫീസ്, പാഠ്യപദ്ധതികൾ എന്നിവ സംബന്ധിച്ച വിവരങ്ങളെല്ലാം അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
കുട്ടികളുടെ സ്കൂൾ പ്രവേശനവുമായി ബന്ധപ്പെട്ട് ഏതൊക്കെ രേഖകളാണ് ആവശ്യമുള്ളതെന്ന് പരിശോധിക്കാം. രക്ഷിതാക്കളുടെ ഫോൺ നമ്പറുകൾ, വിദ്യാർത്ഥിയുടെ പേര്, ജനന തിയതിയും സ്ഥലവും, ദേശീയത, വിലാസം തുടങ്ങിയ വിവരങ്ങൾ ഉൾപ്പെടുന്ന രജിസ്ട്രേഷൻ ഫോം, എമിറേറ്റ്സ് ഐ.ഡി, വാക്‌സിനേഷൻ കാർഡ്, മുൻ വർഷങ്ങളിലെ അക്കാദമിക് റിപ്പോർട്ടുകൾ, സ്‌കൂൾ ആവശ്യപ്പെടുന്ന ഏതെങ്കിലും അധിക രേഖകൾ തുടങ്ങിയവയാണ് സ്വകാര്യ സ്‌കൂളുകളിലെ രജിസ്ട്രേഷന് ആവശ്യമുള്ള രേഖകൾ.
കെ.ജി ക്ലാസുകളിലേയ്ക്കുള്ള പ്രവേശനത്തിന് ഏതെങ്കിലും തരത്തിലുള്ള പരീക്ഷകളുടെയോ അഭിമുഖങ്ങളുടെയോ ആവശ്യമില്ലെന്ന് നിർദേശത്തിൽ വ്യക്തമാക്കുന്നുണ്ട്. എന്നാൽ ഒന്ന് മുതൽ 12-ാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികളുടെ പ്രവേശനത്തിനായി അഭിമുഖം നടത്താവുന്നതാണ്. ഇത് കുട്ടികൾക്ക് ശരിയായ പഠനപിന്തുണ നൽകാനും അവരുടെ പ്രകടന നിലവാരം മനസിലാക്കാനും അധ്യാപകരെ സഹായിക്കും.
രജിസ്ട്രേഷന് മുമ്പായി രക്ഷിതാക്കൾക്ക് സ്‌കൂൾ സന്ദർശിക്കാൻ അനുവാദമുണ്ട്. പ്രമേഹം, ആസ്ത്മ, അപസ്‌മാരം തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങളുള്ള വിദ്യാർത്ഥികൾക്ക് പ്രവേശനവും ഉചിതമായ പിന്തുണയും നൽകാൻ സ്കൂൾ അധികൃതർ ബാധ്യസ്ഥരാണെന്നും നിർദേശത്തിൽ വ്യക്തമാക്കുന്നുണ്ട്. അബുദാബിയിലെ 200-ലധികം സ്വകാര്യ സ്‌കൂളുകളുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് www.tamm.abudhabi/wb/get-education/schools എന്ന വെബ്സൈറ്റ് രക്ഷിതാക്കൾക്ക് സന്ദർശിക്കാനും സാധിക്കും.