എഞ്ചിൻ ഓഫാക്കാതെ പലരും കാറിൽ നിന്ന് ഇറങ്ങിപോകുന്നത് പതിവാണ്. ചില കൺവീനിയൻസ് സ്റ്റോറുകളിൽ ഷോപ്പിംഗ് നടത്താനോ, എടിഎമ്മിൽ പോകാനോ അങ്ങനെ പെട്ടെന്ന് വരാം ഉദ്ദേശത്തോടെ പലരും ഇങ്ങനെ കാറിൽ നിന്ന് ഇറങ്ങാറുണ്ട്. എന്നാൽ ഇത്തരം പ്രവണതയ്ക്കെതിരെ മുന്നറിയിപ്പ് നൽകുകയാണ് അബുദാബി പൊലീസ്.
ഇത്തരം സാഹത്തിൽ കാർ മോഷണത്തിനുള്ള സാധ്യത കൂടുതലാണെന്ന് പൊലീസ് വ്യക്തമാക്കുന്നു. കുട്ടികളെ, പ്രത്യേകിച്ച് ശിശുക്കളെ തനിച്ച് വാഹനത്തിലിരുത്തി പോകരുതെന്നും മുന്നറിയിപ്പിൽ പറയുന്നുണ്ട്. വേനൽക്കാലത്ത് കാറിനുള്ളിലെ ഉയർന്ന താപനില കാരണം ശ്വാസംമുട്ടുന്നതിനാൽ കുട്ടികളുടെ ജീവൻ അപകടത്തിലാകാൻ സാധ്യതയുണ്ട്. കുട്ടികളെ പ്രത്യേകിച്ച് വേനൽക്കാലത്ത് വാഹനത്തിലിരുത്തി പോകരുതെന്ന് പലതവണ പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുള്ളതാണ്.
നിരോധിത സ്ഥലങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് ഒഴിവാക്കണമെന്ന് ട്രാഫിക് നിയമത്തിലെ ആർട്ടിക്കിൾ 4ലെ ആർട്ടിക്കിൾ 5ൽ പറയുന്നുണ്ടെന്നും അധികൃതർ ചൂണ്ടിക്കാട്ടി. റോഡിൽ പാർക്ക് ചെയ്യാൻ നിർബന്ധിതരായാൽ, ഗതാഗത സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ കൈക്കൊള്ളണം. ട്രാഫിക് അടയാളങ്ങളും നിർദ്ദേശങ്ങളും അവഗണിച്ചാൽ ഡ്രൈവർമാർക്ക് 500 ദിർഹം പിഴ ചുമത്തും.