ഒമ്പതാമത് ഖോർഫക്കാൻ ഫെസ്റ്റിവലിന് ജനുവരി 20-ന് ആരംഭം കുറിക്കും. യുഎഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ രക്ഷാകർതൃത്വത്തിൽ സാംസ്കാരിക വകുപ്പാണ് മേള സംഘടിപ്പിക്കുന്നത്.
വാദി ഷി സ്ക്വയറിൽ നിന്ന് പ്രധാന വേദിയായ ഖോർഫക്കൻ പാർക്കിലേക്ക് 60 മിനിറ്റ് പരേഡോടെ ആഘോഷങ്ങൾക്ക് തുടക്കമാകും. ക്രിയാത്മകമായി അലങ്കരിച്ച വാഹനങ്ങൾ, മോട്ടറൈസ്ഡ്, അക്രോബാറ്റിക് ഗെയിമുകൾ, വിവിധ കലാ, സാംസ്കാരിക, പോലീസ്, സ്കൂൾ, സ്കൗട്ട് ഗ്രൂപ്പുകൾ എന്നിവ പരേഡിൽ പ്രദർശിപ്പിക്കും. പ്രാദേശിക, അന്തർദേശീയ നാടക-പെർഫോമിംഗ് ആർട്സ് ഗ്രൂപ്പുകൾ മേളയിലുടനീളം കലാപരവും വിദ്യാഭ്യാസപരവും വിനോദപരവുമായ പ്രകടനങ്ങൾ അവതരിപ്പിക്കും.
എമിറാറ്റി സമൂഹത്തിൻ്റെ സമ്പന്നമായ പാരമ്പര്യങ്ങളും മൂല്യങ്ങളും ഉൾക്കൊളളുന്ന പവലിയനുകളും പ്രത്യേകതയാണ്. രാജ്യത്തെ ഏറ്റവും പഴയ പരമ്പരാഗത കലകളിലൊന്നായ ഫാൻ അൽ-അയാലയോടെയാണ് ആഘോഷങ്ങൾ ആരംഭിക്കുന്നത്. ആഫ്രിക്കയിൽ നിന്നും ഇന്ത്യയിൽ നിന്നുമുള്ള നാടോടി പ്രകടനങ്ങളും ഫെസ്റ്റിവലിൽ ഉണ്ട്.