സൗദിയിൽ നിന്ന് റീഎൻട്രി വിസയിൽ പുറത്തുപോയതിന് ശേഷം മടങ്ങാത്തവർക്കുള്ള മൂന്ന് വർഷ പ്രവേശന വിലക്ക് നീക്കിയെന്ന് റിപ്പോർട്ട്. സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട് (ജവാസത്ത്) വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. സൗദിയിൽ തൊഴിൽ വിസയിലെത്തിയതിന് ശേഷം എക്സിറ്റ് റീഎൻട്രി വിസയിൽ പുറത്തുപോവുകയും വിസയുടെ കാലാവധിയ്ക്കുള്ളിൽ തിരിച്ചുവരാത്തവർക്ക് നിലവിൽ മൂന്ന് വർഷത്തെ പ്രവേശന വിലക്കുണ്ട്.
രാജ്യത്തെ വിവിധ മേഖലകളിലെ കര-വ്യോമ-കടൽ പ്രവേശന കവാടങ്ങളിലെ പാസ്‌പോർട്ട് ഓഫീസുകളെ ഇതുമായി ബന്ധപ്പെട്ട വിവരമറിയിച്ചതായി പാസ്‌പോർട്ട് വകുപ്പിനെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ജനുവരി 16 മുതൽ ഈ നിരോധം റദ്ദാക്കാൻ ആവശ്യപ്പെട്ടുകൊണ്ട് ബന്ധപ്പെട്ട എല്ലാ വകുപ്പുകൾക്കും പ്രവേശന കവാടങ്ങളിലെ എമിഗ്രേഷൻ ഉദ്യോഗസ്ഥർക്കും നിർദേശം നൽകിയിട്ടുണ്ട്. എന്നാൽ ചില കർശന നിബന്ധനകൾക്ക് വിധേയമായിട്ടായിരിക്കും പ്രവേശന വിലക്ക് നീക്കുക.
കൃത്യസമയത്ത് മടങ്ങാൻ പ്രതിജ്ഞാബദ്ധരായ തൊഴിലാളികൾ മടങ്ങി വരാത്തതിനാൽ കമ്പനികളുടെ പ്രവർത്തനങ്ങൾ താളം തെറ്റിയിട്ടുണ്ട്. ഈ സ്ഥിതിയിൽ വ്യസായികളുടെയും സംരംഭകരുടെയും ആവശ്യപ്രകാരമാണ് ഗവൺമെൻറ് പ്രവേശന വിലക്ക് ഏർപ്പെടുത്തിയിരുന്നത്. തൊഴിലാളികൾ തിരിച്ചുവരാത്തത് തൊഴിലുടമകൾക്ക് വലിയ സാമ്പത്തിക ചെലവുകൾ വരുത്തിയിരുന്നതിനാൽ പ്രവേശന വിലക്ക് നീക്കിയത് അവർക്ക് അനുകൂലമായിരുന്നു.
പ്രവേശന വിലക്ക് നീക്കുന്നതിനുള്ള നിബന്ധനകൾ
1. സ്വന്തം പേരിൽ ട്രാഫിക് നിയമലംഘന പിഴകളുണ്ടെങ്കിൽ ഉടൻ തന്നെ പിഴ അടയ്ക്കണം
2. പഴയ വിസ റദ്ദാക്കാത്തത് മൂലമുള്ള പിഴ ഉണ്ടാവാൻ പാടുള്ളതല്ല
3. നിലവിൽ സാധുവായ വിസ ഉണ്ടാവാൻ പാടുള്ളുതല്ല
4. പുതിയ വിസയുടെ സ്പോൺസർ സൗദിയിലുണ്ടായിരിക്കണം
5. പാസ്പോർട്ടിന് 90 ദിവസത്തിൽ കുറയാത്ത കാലാവധി ഉണ്ടായിരിക്കേണ്ടത് നിർബന്ധമാണ്
6. വിരലയടയാളം സൗദിയിൽ നേരത്തെ രേഖപ്പെടുത്തിയ ആളായിരിക്കണം
7. റീഎൻട്രിയിൽ പോയി മടങ്ങാത്ത ആശ്രിത വിസക്കാരുണ്ടെങ്കിൽ അവരും കൂടെ വരണം