സ്‌പൈസ് ജെറ്റ് വിമാനത്തിൽ ശൗചാലയത്തിലെ ലോക്ക് തുറക്കാനാകാതെ യാത്രക്കാരൻ ഒരു മണിക്കൂറോളം കുടുങ്ങി. മുംബൈ-ബെംഗളൂരു സ്പൈസ് ജെറ്റ് വിമാനത്തിലാണ് ചൊവ്വാഴ്ച സംഭവം ഉണ്ടായത്. മുംബൈയിൽ നിന്നും വിമാനം പറന്നുയർന്നതിന് പിന്നാലെ യാത്രക്കാരൻ ശൗചാലയത്തിൽ കയറി. പിന്നീട് വാതിൽ തുറക്കാൻ കഴിയാതായതോടെ ഉള്ളിൽ കുടുങ്ങുകയായിരുന്നു.
യാത്രക്കാരൻ ശൗചാലയത്തിൽ കുടുങ്ങിയതിന് പിന്നാലെ വിമാനത്തിലെ ജീവനക്കാർ എത്ര ശ്രമിച്ചിട്ടും വാതിൽ തുറക്കാൻ പറ്റിയില്ല. തുടർന്ന് ശൗചാലയത്തിനുള്ളിൽ അകപ്പെട്ട യാത്രക്കാരന് ജീവനക്കാർ ഒരു കുറിപ്പ് കൈമാറി. “സർ, ഞങ്ങൾ പരാമാവധി ശ്രമിച്ചിട്ടും വാതിൽ തുറക്കാൻ കഴിഞ്ഞില്ല. പരിഭ്രാന്തനാകരുത്. അൽപസമയത്തിനകം വിമാനം ലാൻഡ് ചെയ്യും. അതുവരെ സുരക്ഷിതമായി ടോയ്ലറ്റിന്റെ അടപ്പിനുമുകളിൽ തന്നെ ഇരിക്കണം. എൻജിനീയർ വന്നാലുടൻ വാതിൽ തുറക്കും” എന്നായിരുന്നു കുറിപ്പിൽ.
ഇതോടെ ശുചിമുറിയ്ക്കുള്ളിലിരുന്ന് കൊണ്ട് തന്നെ യാത്രക്കാരൻ യാത്ര തുടർന്നു. പിന്നീട് വിമാനം ബെംഗളൂരുവിൽ ലാൻഡ് ചെയ്തതിന് ശേഷം ടെക്നീഷ്യൻ എത്തിയാണ് വാതിൽ തുറന്ന് യാത്രക്കാരനെ പുറത്തിറക്കിയത്.