മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ എം.എസ് ധോണിക്കെതിരെ മാനനഷ്ടക്കേസ് നൽകി മുൻ ബിസിനസ് പങ്കാളികൾ. തെറ്റായ വിവിരങ്ങൾ പ്രചരിപ്പിച്ചുവെന്ന് ആരോപിച്ചാണ് മുൻ ബിസിനസ് പങ്കാളികളായ മിഹിർ ദിവാകറും ഭാര്യ സൗമ്യ ദാസും താരത്തിനെതിരെ ഡൽഹി ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്‌തത്.
തട്ടിപ്പ് നടത്തിയെന്ന് കാണിച്ച് മുൻ ബിസിനസ് പങ്കാളികൾക്കെതിരെ ധോണി റാഞ്ചിയിലെ കോടതിയിൽ മുമ്പ് കേസ് ഫയൽ ചെയ്തിരുന്നു. ആർക്ക സ്പോർട്‌സ് ആന്റ് മാനേജ്‌മെന്റ് എന്ന സ്ഥാപന ഉടമകളായ മിഹിർ ദിവാകറും സൗമ്യ ദാസും 2017-ൽ ഒപ്പുവെച്ച ബിസിനസ് ഉടമ്പടി ലംഘിച്ചുവെന്ന് ധോണി പരാതിയിൽ പറയുന്നത്. ഇന്ത്യയിലും വിദേശത്തും ധോണിയുടെ പേരിൽ ക്രിക്കറ്റ് അക്കാദമികൾ ആരംഭിക്കാനായാണ് ഇരുകക്ഷികളും തമ്മിൽ 2017-ൽ ധാരണയായത്.
പലയിടത്തും ക്രിക്കറ്റ് അക്കാദമികൾ ആരംഭിച്ച കമ്പനി കരാർ പ്രകാരമുള്ള ലാഭവിഹിതം ധോണിക്ക് നൽകിയില്ല. പലയിടത്തും താരത്തിൻ്റെ അറിവില്ലാതെയാണ് അക്കാദമികൾ ആരംഭിച്ചതെന്നും അതിനാൽ 2021 ഓഗസ്‌റ്റ് 15ന് കരാറിൽ നിന്ന് പിൻവാങ്ങിയെന്നും പരാതിയിൽ താരം പറയുന്നു. എന്നാൽ കരാറിൽ നിന്ന് ധോണി പിൻവാങ്ങിയിട്ടും താരത്തിന്റെ പേരിൽ വീണ്ടും സ്പോർട്‌സ് കോംപ്ലക്‌സുകളും അക്കാദമികളും ആരംഭിക്കുകയും ഇക്കാര്യം മറച്ചുവെയ്ക്കാൻ ശ്രമിക്കുകയും ചെയ്തതായും കരാർ ലംഘനത്തിലൂടെ ധോണിക്ക് 15 കോടി രൂപയുടെ നഷ്ടമുണ്ടായതായും അഭിഭാഷകൻ മുഖേന നൽകിയ പരാതിയിൽ പറയുന്നുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങൾ നൽകിയെന്ന് ആരോപിച്ചാണ് മിഹിർ ദിവാകറും ഭാര്യ സൗമ്യ ദാസും പരാതി നൽകിയത്. ധോണിക്ക് പുറമെ സമൂഹമാധ്യമങ്ങൾ, ചില മാധ്യമ സ്ഥാപനങ്ങൾ എന്നിവയ്ക്കെതിരെയും ദമ്പതികൾ കേസ് നൽകിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് ജനുവരി 18-ന് ഹൈക്കോടതി വാദം കേൾക്കും.