യുഎഇയിൽ നിന്ന് കേരളത്തിലേക്കുള്ള ടിക്കറ്റ് കുറച്ച് വിമാന കമ്പനികൾ. നിലവിൽ 6,000 രൂപ മുതൽ ടിക്കറ്റുകൾ ലഭിക്കും. മാത്രമല്ല, ചില സർവീസുകളിലെ അവശേഷിക്കുന്ന ടിക്കറ്റുകൾ ഇതിലും കുറഞ്ഞ നിരക്കിലും ലഭ്യമാണ്. ക്രിസ്മസ്– പുതുവർഷം സീസണിലെ ഉയർന്ന നിരക്കുമായി താരതമ്യം ചെയ്താൽ ഇപ്പോഴത് അഞ്ചിലൊന്നായി കുറഞ്ഞിട്ടുണ്ട്. ഓരോ വിമാനക്കമ്പനിയും നൽകുന്ന സേവനം അനുസരിച്ച് നിരക്കിൽ നേരിയ വ്യത്യാസമുണ്ടാകും. കുറഞ്ഞ നിരക്കിൽ നാലംഗ കുടുംബത്തിന് കൊച്ചിയിലേക്ക് (വൺവേ) യാത്ര ചെയ്യാൻ കുറഞ്ഞത് 25,000 രൂപ മതി. 3 ആഴ്ചയ്ക്കു മുൻപ് ഒരു ടിക്കറ്റിനു മാത്രമായിരുന്നു ഈ നിരക്ക് ഈടാക്കിയിരുന്നത്.
ഇന്നത്തെ ടിക്കറ്റ് നിരക്ക്
അബുദാബി–കൊച്ചി യാത്രയ്ക്ക് ഓൺലൈൻ വഴി ടിക്കറ്റിന് കുറഞ്ഞ നിരക്ക് എയർ ഇന്ത്യാ എക്സ്പ്രസിനായിരുന്നു– 5,978 രൂപ (264 ദിർഹം). വരും ദിവസങ്ങളിലും ഇതേ നിരക്ക് തന്നെ തുടരും. 30 കിലോ ലഗേജും 7 കിലോ ഹാൻഡ് ബാഗേജും ഉൾപ്പെടെയുള്ള നിരക്കാണിത്. എന്നാൽ എയർലൈനിന്റെ സൈറ്റിൽ നേരിട്ട് റജിസ്റ്റർ ചെയ്യാൻ ശ്രമിക്കുമ്പോൾ 6,107 രൂപയാണ് (270 ദിർഹം) കാണിക്കുന്നത്. എന്നാൽ ചില ഓൺലൈൻ സൈറ്റുകളിൽ ഇതിലും കുറഞ്ഞ നിരക്ക് കാണിക്കുന്നുണ്ടെങ്കിലും അതിൽ ലഗേജ് ഉൾപ്പെടണമെന്നില്ല. അതേസമയം അബുദാബിയിൽ നിന്ന് ഇൻഡിഗോ വിമാനത്തിൽ നാട്ടിലെത്താനുള്ള നിരക്ക് 6,166 രൂപയാണ് (272.59 ദിർഹം).
ദുബായിൽ നിന്ന് എയർ ഇന്ത്യയിൽ കൊച്ചിയിലേക്ക് 9,588 രൂപയാണ് (423 ദിർഹം) ടിക്കറ്റ് നിരക്ക്. ദുബായിൽ നിന്ന് കൊച്ചിയിലേക്ക് സ്പൈസ് ജെറ്റിലും ഇൻഡിഗോയിലും 10,000 രൂപയ്ക്ക് (442 ദിർഹം) മുകളിലാണ് ടിക്കറ്റ് നിരക്ക്. വ്യാഴം, വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ നിരക്ക് അൽപം കൂടുകയും ചെയ്യും. എന്നാൽ എമിറേറ്റ്സ് ഉൾപ്പെടെ വിദേശ എയർലൈനുകളിൽ ഉയർന്ന നിരക്ക് തുടരുകയാണ്.
അതേസമയം കേരളത്തിൽ നിന്ന് യുഎഇയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കിൽ മാറ്റമില്ല. ഇന്ന് കൊച്ചിയിൽ നിന്ന് ദുബായിലേക്ക് എയർ ഇന്ത്യാ എക്സ്പ്രസിൽ 26,454 രൂപയും എയർ ഇന്ത്യയിൽ 29,962 രൂപയുമാണ് നിരക്ക്. സ്പൈസ് ജെറ്റിലും ഇൻഡിഗോയിലും 30,000 രൂപയ്ക്കു മുകളിലാണ് വൺവേ ടിക്കറ്റ് നിരക്ക്. നാലംഗ കുടുംബത്തിന് വൺവേ ടിക്കറ്റിന് മാത്രം 1മുതൽ 1.25 ലക്ഷം രൂപയാകും. യാത്രക്കാരുടെ തിരക്കിനനുസരിച്ച് കൂടുതൽ വിമാന സർവീസ് ഇല്ലാത്തതും നിരക്ക് ഉയർത്താൻ എയർലൈനുകളെ പ്രേരിപ്പിക്കുന്നുണ്ട്.