സീസൺ അവസാനിച്ചതോടെ കേരള സെക്ടറിലേക്ക് സ്വപ്ന നിരക്കുകളുമായി വിമാന കമ്പനികൾ. ടിക്കറ്റ് നിരക്കുകൾ കുത്തനെ കുറച്ചിരിക്കുകയാണ് എയർ ഇന്ത്യ എക്സ്പ്രസും സലാം എയറും. സ്കൂൾ അവധിയും ഫെസ്റ്റിവൽ സീസണും അവസാനിച്ചതോടെയാണ് അടുത്ത മാസം 14 വരെ എയർ ഇന്ത്യ എക്സ്പ്രസ് കേരളത്തിലെ എല്ലാ സെക്ടറിലേക്കുമുള്ള നിരക്ക് കുറച്ചത്. മസ്കറ്റിൽ നിന്ന് തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലേക്കാണ് ഏറ്റവും കുറഞ്ഞ നിരക്കുകൾ ഈടാക്കുന്നത്.
മസ്കറ്റിൽ നിന്ന് തിരുവനന്തപുരത്തേക്ക് അടുത്ത ഒരു മാസത്തെ പുതിയ ഷെഡ്യൂളിൽ 33 റിയാലാണ് കുറഞ്ഞ നിരക്കായി ഈടാക്കുന്നത്. അതേസമയം ചില ദിവസങ്ങളിൽ നിരക്കിൽ വ്യത്യാസമുണ്ടെങ്കിലും പല ദിവസങ്ങളിലും ഇതേ നിരക്കിൽ തന്നെ ടിക്കറ്റുകൾ ലഭിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഉച്ചയ്ക്ക് 12.25ന് പുറപ്പെട്ട് വൈകുന്നേരം 5.35 ന് കൊച്ചിയിലെത്തുന്ന വിമാനത്തിനും സമാന നിരക്ക് തന്നെയാണ് എയർ ഇന്ത്യ ഈടാക്കുന്നത്. എന്നാൽ, മസ്കറ്റിൽ നിന്ന് കോഴിക്കോട്ടേക്ക് 37.200 റിയാലാണ് എയർ ഇന്ത്യ ഈടാക്കുന്നത്.
മസ്കറ്റിൽ നിന്ന് പുലർച്ച 2.50 ന് പുറപ്പെടുന്ന വിമാനം കാലത്ത് 7.50 നാണ് കോഴിക്കോട്ട് എത്തുക. മസ്കറ്റിൽ നിന്ന് കണ്ണൂരിലേക്ക് 40 റിയാലാണ് നിരക്കായി ഈടാക്കുക. രാവിലെ 9.40 ന് പുറപ്പെടുന്ന വിമാനം ഉച്ചക്ക് 2.30 കണ്ണൂരിലെത്തും. ചൊവ്വ, ബുധൻ, വ്യാഴം, ശനി, ഞായർ ദിവസങ്ങളിലാണ് എയർ ഇന്ത്യ എക്സ്പ്രസ് കണ്ണൂരിലേക്ക് സർവിസ് നടത്തുന്നത്. അതേസമയം കേരളത്തിൽ നിന്ന് മസ്കറ്റിലേക്കുള്ള സർവിസുകളുടെ നിരക്കുകളും എയർ ഇന്ത്യ എക്സ്പ്രസ് കുറച്ചിട്ടുണ്ട്. തിരുവനന്തപുരത്തുനിന്ന് മസ്കറ്റിലേക്ക് 40 റിയാലാണ് നിരക്കായി ഈടാക്കുന്നത്.
രാവിലെ 8.35 ന് കൊച്ചിയിൽ നിന്ന് പുറപ്പെട്ട് 11.10 മസ്കറ്റിലെത്തുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനം 44.900 റിയാലാണ് ഈടാക്കുന്നത്. രാത്രി 11.35 ന് കോഴിക്കോട്ട് നിന്ന് പുറപ്പെട്ട് പുലർച്ച 1.50 ന് മസ്കറ്റിലെത്തുന്ന എയർ ഇന്ത്യ എക്സ്പ്രസ് 35.900 റിയാലും ഈടാക്കും. മാത്രമല്ല, മസ്കറ്റിൽ നിന്ന് കോഴിക്കോട്ടേക്ക് സർവിസ് നടത്തുന്ന സലാം എയറും നിരക്കുകൾ കുറച്ചിട്ടുണ്ട്. രാത്രി 10.30ന് മസ്കറ്റിൽ നിന്ന് പുറപ്പെട്ട് പുലർച്ച 3.20 കോഴിക്കോട്ടെത്തുന്ന സലാം എയർ 37 റിയാലാണ് ഈടാക്കുന്നത്. ഈ നിരക്കിലുള്ള ടിക്കറ്റിന് 20 കിലോ ലഗേജ് മാത്രമായിരിക്കും അനുവദിക്കുക.
അതേസമയം വിമാന കമ്പനികൾ നിരക്കുകൾ കുറച്ചെന്ന അറിയിപ്പുകൾ വന്നതോടെ നിരവധി പേരാണ് കേരളത്തിലേക്ക് യാത്ര ചെയ്യാൻ ഒരുങ്ങുന്നത്. മാത്രമല്ല, പുതിയ നിരക്കുകൾ നിലവിൽ വന്നതോടെ നിരവധി പേർ ടിക്കറ്റുകൾ എടുത്തു കഴിഞ്ഞിട്ടുമുണ്ട്. ഹ്രസ്വ ലീവെടുത്ത് നാട്ടിൽ പോവുന്നവരും നിരവധിയാണ്. നിരക്കുകൾ കൂടിയത് കാരണം ഇതു വരെ നാട്ടിൽ പോവാതെ നിന്നിരുന്ന കുറഞ്ഞ വരുമാനക്കാരും നാട്ടിലേക്ക് ടിക്കറ്റെടുക്കാൻ ഒരുങ്ങുകയാണ്. ഇവരെ കൂടാതെ ഒമാനികൾ അടക്കമുള്ള നിരവധി വിദേശികളും യാത്രക്ക് ഒരുങ്ങുകയാണ്. കേരളത്തിൽ കാലാവസ്ഥ അനുകൂലമായതിനാൽ കേരളം സന്ദർശിക്കുക എന്നതാണ് ഇവരുടെ ലക്ഷ്യം.