കുവൈറ്റിൽ താമസ, തൊഴിൽ നിയമ ലംഘകരെ പിടികൂടുന്നതിനായുള്ള പരിശോധന ത കർശനമാക്കുന്നു. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ 318 പേർ പിടിയിലായിട്ടുണ്ട്. ഫഹാഹീൽ, മഹ്ബൂല, ഫർവാനിയ, ഹവല്ലി, അൽ റായ് എന്നിവിടങ്ങളിലാണ് പരിശോധന നടന്നത്.
നിയമലംഘകരെ കണ്ടെത്തുന്നതിന് വേണ്ടിയുള്ള വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റെസിഡൻസ് അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻസ് രാവിലെയും വൈകുന്നേരവും നടത്തിയ പരിശോധനാ ക്യാമ്പയിനിലാണ് നിയമലംഘകർ പിടിയിലായത്. ഷുവൈഖ് വ്യവസായിക മേഖലയിലെ വർക്ക്ഷോപ്പുകളിലും മുനിസിപ്പാലിറ്റി, പബ്ലിക് അതോറിറ്റി ഫോർ എൻവയൺമെന്റ്, വ്യവസായ അതോറിറ്റി, എൻവയൺമെന്റൽ പൊലീസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
ഇവിടെനിന്ന് 28 പേർ അറസ്റ്റിലായിട്ടുണ്ട്. പിടിയിലായവർക്ക് എതിരെ നാടുകടത്തൽ അടക്കമുള്ള നിയമനടപടികൾ അധികൃതർ സ്വീകരിക്കും. ഇതിനായി ഇവരെ ബന്ധപ്പെട്ട വിഭാഗത്തിന് കൈമാറിയിട്ടുണ്ട്. താമസ നിയമം, തൊഴിൽ നിയമം എന്നിവ ലംഘിക്കുന്നവരെ കണ്ടെത്തുന്നതിനായി രാജ്യത്ത് വ്യാപക പരിശോധന നടന്നുവരുകയാണ്.