സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യത്തിനായി അബുദാബിയിൽ പ്രത്യേക മെഡിക്കൽ സിറ്റി സ്ഥാപിക്കും. അബുദാബി കിരീടാവകാശിയും അബുദാബി എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനാണ് പദ്ധതിക്ക് അംഗീകാരം നൽകിയത്. അബുദാബി ആരോഗ്യവകുപ്പ്, പ്യുവർ ഹെൽത്ത് എന്നിവ സംയുക്തമായാണ് പദ്ധതികൾ ആസൂത്രണം ചെയ്യുന്നത്.
2027-ലാണ് മെഡിക്കൽ സിറ്റി പ്രവർത്തനം ആരംഭിക്കുക. 200-ലധികം ഡോക്ടർമാർ ഇവിടെ കുട്ടികൾക്കായി സേവനം നൽകും. ഓങ്കോളജി, ഒഫ്താൽമോളജി, ന്യൂറോ സർജറി, കരൾ, വൃക്ക, കുടൽ മാറ്റിവയ്ക്കൽ, ഗ്യാസ്ട്രോഎൻട്രോളജി, കാർഡിയാക് മെഡിസിൻ എന്നിവയെല്ലാം ഉൾപ്പെടുത്തിയാണ് കുട്ടികളുടെ ആരോഗ്യ സംരക്ഷണം ഉറപ്പുവരുത്തുക.
മെഡിക്കൽ സിറ്റിൽ രോഗികൾക്കായി 205 കിടക്കകളും 15 പ്രസവവാർഡും ലഭ്യമാക്കും. മാനസികാരോഗ്യ സേവനങ്ങൾക്കായി 10 കിടക്കകൾ, കുട്ടികളുടെ ദീർഘകാല പരിചരണങ്ങൾക്കായി 100 കിടക്കകൾ എന്നിവ പ്രത്യേകം നീക്കിവെച്ചിട്ടുണ്ട്. കൂടാതെ 460 നഴ്സിങ് ജീവനക്കാരുടെ സേവനവും ഇവിടെ ലഭ്യമായിരിക്കും.