”മരണം രംഗബോധമില്ലാത്ത കോമാളി”യെന്ന് പറയുന്നത് എത്രയോ അർത്ഥവത്തായ വാക്കാണ്. പല വേർപാടുകളും വലിയൊരു വിടവാണ് ഉണ്ടാക്കുന്നത്. ആ വിടവുകൾ നേരെയാക്കുക എന്നതും അസാധ്യമാണ്. വിദ്യാർത്ഥികളുടെ ഭാവി ജീവിതത്തിൽ ഓർത്തിരിക്കേണ്ട ചില നിർദ്ദേശങ്ങൾ നൽകുമ്പോൾ രമ്യ ടീച്ചർ ഓർത്തുകാണില്ല അത് തന്റെ ജീവിതത്തിലെ അവസാന നിമിഷമാകുമെന്ന്. പെട്ടെന്നായിരുന്നു അത് സംഭവിച്ചത്…..
കഴിഞ്ഞ ദിവസമാണ് കൊരട്ടി ലിറ്റില്‍ ഫ്ലവര്‍ കോണ്‍വെന്‍റ് ഹയര്‍സെക്കന്‍ററി സ്കൂളിലെ അധ്യാപികയായ രമ്യാ ജോസ്(41) കുഴഞ്ഞു വീണ് മരിച്ചത്. കണക്ക് ടീച്ചറായിരുന്ന രമ്യ യാത്രയയപ്പ് യോഗത്തില്‍ കുട്ടികളോട് സംസാരിച്ചതിന് പിന്നാലെയാണ് കുഴഞ്ഞു വീണത്. പ്ലസ് ടു വിദ്യാര്‍ഥികളുടെ യാത്രയയപ്പ് യോഗമാണ് രമ്യ ടീച്ചർക്ക് പൂർത്തികരിക്കാനാകാതെ പോയത്.
ടീച്ചറുടെ പ്രിയപ്പെട്ട കുട്ടികൾക്ക് ഒരിക്കലും താങ്ങാൻ പറ്റാത്ത വേർപാട്. ജീവിതത്തിൽ തന്നെ മറക്കാനാകാത്ത നിമിഷം. ഓരോ വിദ്യാർത്ഥിയും മരണം വരെയും പ്രിയ അധ്യാപികയെ മറക്കില്ല.
‘ജീവിതത്തില്‍ ശരിയും തെറ്റും സ്വയം കണ്ടെത്താന്‍ നിങ്ങള്‍ക്ക് കഴിയണം. തീരുമാനിക്കേണ്ടത് നിങ്ങള്‍ തന്നെയാണ്. ആരും ചിലപ്പോള്‍ തിരുത്താനുണ്ടാകില്ല. ജീവിതത്തില്‍ മാതാപിതാക്കളുടെയും ഗുരുക്കന്മാരുടെയും കണ്ണീര് വീഴ്ത്താന്‍ ഇടവരുത്തരുത്‘. അവസാനമായി എനിക്ക് ഇതാണ് നിങ്ങളോട് പറയാനുള്ളത്, ഈ വാക്കുകളാണ് രമ്യ ടീച്ചർ തന്റെ വിദ്യാർത്ഥികൾക്കായി നൽകിയത്.
ടീച്ചറെ മറക്കാനാകാത്ത പോലെ ടീച്ചറുടെ അവസാന വാക്കുകളും ഓരോ വിദ്യാർത്ഥിയും മനസ്സിൽ കുറിച്ചിടും. പ്രിയ അധ്യാപികയ്ക്കുള്ള ഗുരുദക്ഷിണയെന്നോണം. വിദ്യാർത്ഥികളുടെ പരീക്ഷ കണക്കാക്കിയാണ് പ്ലസ്ടു വിദ്യാര്‍ഥികളുടെ യാത്രയയപ്പ് നേരത്തെ ക്രമീകരിച്ചത്. അടുത്ത ദിവസം രാവിലെ ഗ്രൂപ്പ് ഫൊട്ടോ എടുക്കാനുണ്ടെന്നും എല്ലാവരും എത്തണമെന്നും രമ്യ ടീച്ചർ ഗ്രൂപ്പില്‍ മെസേജ് ഇട്ടിരുന്നു. എന്നാലിനി ഗ്രൂപ്പ് ഫൊട്ടോയെടുക്കാന്‍ ആ ടീച്ചർ ഒരിക്കലും എത്തില്ല എന്ന സത്യം വിദ്യാർത്ഥികൾക്ക് ഇതുവരെ ഉൾക്കൊള്ളാനായിട്ടില്ല.
കഴിഞ്ഞ വര്‍ഷവും രമ്യ ഇതുപോലെ കുഴഞ്ഞ് വീണിരുന്നു. അന്ന് ആശുപത്രിയിലെത്തിച്ച് ചികില്‍സ ലഭിച്ചതോടെ ആരോഗ്യം വീണ്ടെടുത്തിരുന്നുവെന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു. ഹൈക്കോടതി അഭിഭാഷകന്‍ മരട് ചൊവ്വാറ്റുകന്നേല്‍ ജോസ്-മേരി ദമ്പതികളുടെ മകളാണ്. ഭര്‍ത്താവ്: അങ്കമാലി വാപ്പാലശ്ശേരി പയ്യപ്പിള്ളി കൊളുവന്‍ ഫിനോബ്. മക്കള്‍ നേഹ, നോറ.