സൗദിയിൽ പ്രവാചക നഗരിയോട് ചേർന്ന് പുതിയ സാംസ്കാരിക കേന്ദ്രം വരുന്നു. 2,57,000 ചതുരശ്ര മീറ്റർ പ്രദേശത്താണ് കേന്ദ്രം ഒരുങ്ങുന്നത്. മദീനയെ ലോകോത്തര നിലവാരത്തിൽ ഉയർത്തുന്ന റുഅ അൽ മദീന പദ്ധതി പ്രദേശത്താണ് പുതിയ സാംസ്ക്കാരിക കേന്ദ്രം സ്ഥാപിക്കുന്നത്.
‘ഇസ്ലാമിക നാഗരിക ഗ്രാമം’ എന്ന പേരിലാണ് പുതിയ പദ്ധതി പ്രഖ്യാപിച്ചത്. മദീനയിലെത്തുന്നവർക്ക് ഇസ്ലാമിക ചരിത്രത്തെയും പൈതൃകത്തെയും അടുത്തറിയാനുള്ള അവസരമാണ് ഇതിലൂടെ ഒരുക്കുന്നത്. പ്രവാചക നഗരിയിലെത്തുന്ന വിശ്വാസികൾക്കും സന്ദർശകർക്കും ഇസ്ലാമിക ചരിത്രത്തെയും രാജ്യത്തിൻ്റെ വൈവിധ്യമാർന്ന സംസ്കാരങ്ങളെയും അടുത്തറിയാനുള്ള അവസരം കൂടിയാണിത്.
വൈവിധ്യമാർന്ന ഇസ്ലാമിക കലാപരിപാടികൾ, സാംസ്കാരിക പ്രദർശനങ്ങൾ, ഷോപ്പിംഗ് അനുഭവങ്ങൾ, റെസ്റ്റോറന്റുകൾ, വിശ്രമ കേന്ദ്രങ്ങൾ എന്നിവയെല്ലാം ഉൾപ്പെടുത്തിയാണ് പദ്ധതി തയ്യാറാക്കുന്നത്. തീർത്ഥാടന കേന്ദ്രം എന്നതിനപ്പുറം ഇസ്ലാമിക പൈതൃകത്തിന്റെയും സാംസ്കാരികതയുടെയും കേന്ദ്രമായി മദീനയെ മാറ്റുകയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്.