മാധ്യമപ്രവർത്തകയെ അപമാനിച്ച കേസിൽ നടനും മുൻ എംപിയുമായ സുരേഷ് ഗോപിക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. അറസ്റ്റ് ചെയ്താൽ ജാമ്യത്തിൽ വിടാൻ പൊലീസിന് കോടതി നിർദേശം നൽകി. ചോദ്യം ചെയ്യലിന് പിന്നാലെ ഗുരുതര വകുപ്പ് ചേർത്ത് എഫ്ഐആർ പരിഷ്കരിച്ചതോടെയാണ് സുരേഷ് ഗോപി ഹൈക്കോടതിയെ സമീപിച്ചത്.
നിലവിൽ സുരേഷ് ഗോപിയെ അറസ്റ്റ് ചെയ്യാനുള്ള സാഹചര്യമില്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചു. സർക്കാർ നിലപാടുകൂടി കണക്കിലെടുത്താണ് തീരുമാനം. കരുവന്നൂർ വിഷയത്തിൽ സർക്കാറിനെതിരെ ജാഥ നയിച്ചതിനോടുള്ള രാഷ്ട്രീയ വൈരാഗ്യമാണ് കേസിന് കാരണമെന്നാണ് മുൻകൂർ ജാമ്യാപേക്ഷയിൽ ആരോപിക്കുന്നത്. പരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടെ വഴി തടഞ്ഞ മാധ്യമ പ്രവർത്തകയെ മാറ്റുക മാത്രമാണ് ചെയ്തതെന്നും മോശമായി പെരുമാറിയിട്ടില്ലെന്നും ഹർജിയിൽ വ്യക്തമാക്കി.
കോഴിക്കോട് നടക്കാവ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ 180ഓളം പേജുള്ള കുറ്റപത്രം സമർപ്പിച്ചിരുന്നു. ആദ്യം കേസിൽ 354 എയും 1,4 എന്നീ ഉപവകുപ്പുകളുമാണ് ചേർത്തിരുന്നത്. ലൈംഗിക ദുസൂചനയോടെ സ്പർശം എന്ന കുറ്റം ഉൾപ്പെടുന്നതാണിത്. തുടരന്വേഷണത്തിൽ മാനഭംഗപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ സ്പർശിച്ച കുറ്റത്തിനുള്ള 354-ാം വകുപ്പുകൂടി പിന്നീട് പൊലീസ് ചേർക്കുകയായിരുന്നു.