ഒമാനിൽ ഇലക്ട്രോണിക് സിഗരറ്റുകളും ഹുക്ക അനുബന്ധ ഉല്പന്നങ്ങളും നിരോധിച്ചു. ഒമാൻ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റിയാണ് ഉത്തരവ് പുറത്തിറക്കിയത്. നിയമം ലംഘിക്കുന്നവർക്ക് 1000 റിയാൽ പിഴയും ആവർത്തിക്കുന്നവർക്ക് 2,000 റിയാൽ വരെ പിഴയും ചുമത്തുമെന്ന് അതോറിറ്റി ചെയർമാൻ സാലിം ബിൻ അലി അൾ ഹകമാനി ഉത്തരവിൽ വ്യക്തമാക്കി.
ഉത്തരവിലെ ആർട്ടിക്കിൾ ഒന്ന് പ്രകാരമാണ് നിരോധനം ഏർപ്പെടുത്തിയത്. നിയമലംഘനവുമായി ബന്ധപ്പെട്ട് പിടിച്ചെടുക്കുന്ന വസ്തുക്കൾ നശിപ്പിച്ച് കളയുമെന്നും അധികൃതർ വ്യക്തമാക്കി. നിരോധനത്തിന് ശേഷവും ഇലക്ട്രോണിക് സിഗരറ്റുകളുടെയും ഹുക്ക ഉല്പന്നങ്ങളുടെയും വില്പനയും ഉപയോഗവും നടക്കുന്നുണ്ടോയെന്നറിയാൻ രാജ്യത്ത് കർശന പരിശോധനകളും നടത്തും.