ഒമാനിൽ അനധികൃത തൊഴിലാളികളെ കണ്ടെത്താനുള്ള പരിശോധന കർശനമാക്കി തൊഴിൽ മന്ത്രാലയം. മസ്‌കത്ത് ഉൾപ്പെടെയുള്ള വിവിധ ഗവർണറേറ്റുകളിൽ ജനുവരി ഒന്ന് മുതൽ തൊഴിൽ മന്ത്രാലയത്തിൻ്റെ പരിശോധനകൾ കർശനമായി നടന്നുവരികയാണ്. തെക്കൻ ബാത്തിന ഗവർണറേറ്റിലെ ബർകയിൽ നിന്ന് നിയമം ലംഘിച്ച 66 തൊഴിലാളികളെയാണ് പിടികൂടിയത്.
ഡയറക്‌ടറേറ്റ് ജനറൽ ഓഫ് ലേബർ വെൽഫെയറുമായി സഹകരിച്ചാണ് തൊഴിൽ മന്ത്രാലയം പരിശോധനകൾ നടത്തുന്നത്. പ്രവാസികൾ തിങ്ങിപ്പാർക്കുന്ന മസ്കത്ത്, ദോഫാർ, വടക്ക് തെക്ക് ബാത്തിന എന്നീ നാല് ഗവർണറേറ്റുകളിലെ വിവിധ പ്രദേശങ്ങളിലാണ് ആദ്യ ഘട്ടത്തിൽ പരിശോധന നടത്തുന്നത്. നിയമവിരുദ്ധ തൊഴിലാളികളെ ഒഴിവാക്കി തൊഴിൽ മേഖലയെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് പരിശോധന.
താമസ രേഖകൾ കൃത്യമല്ലാത്തവർ, വിസ-ലേബർ കാർഡ് എന്നിവയുടെ കാലവധി കഴിഞ്ഞവർ, ഒമാൻ സ്വദേശികൾക്കായി നീക്കിവെച്ചിരിക്കുന്ന തസ്‌തികകളിൽ ജോലി ചെയ്യുന്ന പ്രവാസികൾ, രേഖകളില്ലാതെ ഹോം ഡെലിവറി നടത്തുന്നവർ, ലേബർ കാർഡിൽ പറയാത്ത ജോലികളിൽ ഏർപ്പെട്ടിരിക്കുന്നവർ തുടങ്ങിയവരെ കണ്ടെത്തുകയാണ് ലക്ഷ്യം.