ഒമാൻ കായിക രംഗത്തിന് പുതിയ മുഖവുമായി ‘ഹോക്കി ഒമാൻ’ എന്ന് പേരിട്ടിരിക്കുന്ന സ്റ്റേഡിയം മസ്കറ്റിൽ ഒരുങ്ങി. സാംസ്കാരിക, കായിക, യുവജന മന്ത്രാലയത്തിനു കീഴിലാണ് ഹോക്കി ഒമാൻ സ്റ്റേഡിയം പണി കഴിപ്പിച്ചിരിക്കുന്നത്. ഏകദേശം 5,000ത്തിലധികം കാണികളെ ഉൾക്കൊള്ളിക്കാൻ ഈ സ്റ്റേഡിയത്തിനു കഴിയും. മാത്രമല്ല, എല്ലാ സീറ്റുകളും നീക്കം ചെയ്ത് മറ്റു സ്റ്റേഡിയങ്ങളിൽ ഉപയോഗിക്കാവുന്ന വിധത്തിലാണ് ഇരിപ്പിടം സജ്ജീകരിച്ചിരിക്കുന്നത്.
ഇന്റർനാഷണൽ ഹോക്കി ഫെഡറേഷൻ അംഗീകരിച്ച ഏറ്റവും പുതിയ മാനദണ്ഡങ്ങൾക്കും ഡിസൈനുകൾക്കും അനുസൃതമായാണ് സ്റ്റേഡിയത്തിന്റെ നിർമാണം നിർവഹിച്ചിരിക്കുന്നത്. ഈ സമുച്ചയത്തിൽ അന്താരാഷ്ട്ര സവിശേഷതകളും മാനദണ്ഡങ്ങളും അനുസരിച്ചുകൊണ്ട് രൂപകൽപന ചെയ്ത രണ്ടു കളിസ്ഥലങ്ങളുണ്ട്. കൂടാതെ മറ്റു പരിശീലന സ്ഥലങ്ങൾ, ഓഫിസുകൾ, റഫറിമാരുടെ മുറികൾ, സുരക്ഷാ സേവനത്തിന്റെ ഓഫിസുകൾ, ഫസ്റ്റ് എയ്ഡ് റൂമുകൾ തുടങ്ങിയ സൗകര്യങ്ങളും ഉൾപ്പെടുന്നു.
അതേസമയം പുതിയ പദ്ധതി ഒമാന്റെ ഹോക്കി ചാമ്പ്യൻഷിപ്പിനു വളരെയധികം സഹായകമാകുമെന്നും പ്രാദേശിക, അന്തർദേശീയ തലങ്ങളിൽ ഹോക്കി ഗെയിമുകൾക്ക് സേവനം നൽകുമെന്നും പ്രതീക്ഷിക്കുന്നതായി കായിക യുവജന സാംസ്കാരിക, കായിക യുവജന മന്ത്രാലയം അണ്ടർസെക്രട്ടറി ബാസിൽ ബിൻ അഹമ്മദ് അൽ റവാസ് പറഞ്ഞു. ‘ഹോക്കി ഒമാൻ’ പദ്ധതി ഒമാൻ കായിക ചരിത്രത്തിലെ ഗുണപരമായ മാറ്റത്തെയാണ് പ്രതിനിധീകരിക്കുന്നതെന്ന് ഒമാൻ ഹോക്കി അസോസിയേഷൻ ബോർഡ് ചെയർമാൻ ഡോ. മർവാൻ ബിൻ ജുമാ അൽ ജുമായും വ്യക്തമാക്കി.
അതേസമയം 2024ലെ സമ്മർ ഒളിമ്പിക് ഗെയിംസിന് മുന്നോടിയായി പാരീസിൽ നടക്കുന്ന ഫൈവ്സ് ഹോക്കി ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കുന്നത് ഈ സമുച്ചയമായിരിക്കും. ജനുവരി 15 മുതൽ 21 വരെ നടക്കുന്ന മത്സരങ്ങളിൽ എട്ടു അന്താരാഷ്ട്ര ടീമുകളാണ് മാറ്റുരക്കുന്നത്. ഇതിൽ നിന്ന് മൂന്നു ടീമുകൾ അടുത്ത ഒളിമ്പിക്സിന് യോഗ്യത നേടും. ജനുവരിയിൽ നടക്കുന്ന ഫൈവ്സ് ഹോക്കി ലോകകപ്പ് മത്സരങ്ങളും ഇവിടയാണ് നടക്കുക. 24 മുതൽ 31വരെയായിരിക്കും മത്സരങ്ങൾ.