ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിലെ രണ്ടാം ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിങ് തകർച്ചയോടെ തുടക്കം. ആദ്യ ഇന്നിങ്സിൽ 55 റൺസ് ചേർക്കുന്നതിനിടെ ദക്ഷിണാഫ്രിക്കയ്ക്ക് പത്ത് വിക്കറ്റും നഷ്ടപ്പെട്ടു. ഇന്ത്യക്കുവേണ്ടി മുഹമ്മദ് സിറാജ് ആറ് വിക്കറ്റുകൾ നേടിയപ്പോൾ ബുംറയും മുകേഷ് കുമാറും രണ്ട് വിക്കറ്റുകൾ വീതവും വീഴ്ത്തി. ആദ്യ ടെസ്റ്റിലെ തോൽവിക്ക് പിന്നാലെയുള്ള ഇന്ത്യയുടെ ഈ നേട്ടം ടെസ്റ്റിൽ പ്രതീക്ഷകൾ നൽകുന്നതാണ്.
മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കയ്ക്ക് ടീം സ്കോർ 10 കടക്കും മുമ്പ് തന്നെ ഏയ്ഡൻ മർക്രമിനെയും ക്യാപ്റ്റൻ ഡീൻ എൽഗറിനെയും നഷ്ടമായി. മർക്രം രണ്ട് റൺസിന് പുറത്തായപ്പോൾ എൽഗർ നാല് റൺസിനാണ് പിൻവാങ്ങിയത്. പിന്നാലെയെത്തിയ സൂപ്പർ താരങ്ങൾക്കൊന്നും കാര്യമായി സ്കോർ ബോർഡിൽ ചലനമുണ്ടാക്കാൻ സാധിച്ചില്ല. രണ്ട് താരങ്ങൾ മാത്രമാണ് സൗത്ത് ആഫ്രിക്കൻ നിരയിൽ രണ്ടക്കം തികച്ചത്. 30 പന്തിൽ അഞ്ച് വിക്കറ്റ് നേടിയ കൈൽ വെരായ്നെയാണ് പ്രോട്ടിയാസിന്റെ ഉയർന്ന സ്കോറർ. 12 റൺസ് നേടിയ ബെഡ്ഡിങ്ഹാമാണ് ദക്ഷിണാഫ്രിക്കൻ നിരയിൽ രണ്ടക്കം തികച്ച മറ്റൊരു താരം.
പേസർമാരുടെ ആക്രമണത്തിന് മുമ്പിൽ പിടിച്ചുനിൽക്കാൻ സാധിക്കാതെയാണ് ദക്ഷിണാഫ്രിക്ക വീണത്. പ്രോട്ടീസിന്റെ സൂപ്പർ ഓൾ റൗണ്ടർ മാർകോ യാൻസെനെ ബ്രോൺസ് ഡക്കാക്കി മടക്കിയാണ് സിറാജ് തൻ്റെ കരിയറിലെ മൂന്നാം ടെസ്റ്റ് ഫൈഫർ പൂർത്തിയാക്കിയത്. 2.2 ഓവറിൽ ഒറ്റ റൺസ് പോലും വഴങ്ങാതെയാണ് മുകേഷ് രണ്ട് വിക്കറ്റ് വീഴ്ത്തിയത്. കേശവ് മഹാരാജിനെയും കഗദീസോ റബാദയെയുമാണ് മുകേഷ് കുമാർ മടക്കിയത്. ട്രിസ്റ്റൺ സ്റ്റബ്സും നാന്ദ്രേ ബർറുമാണ് ബുംറക്ക് മുമ്പിൽ കാലിടറിയത്.